മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാര്‍, തിങ്കളാഴ്ച അധികാരമേല്‍ക്കും; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 21ന്
തിരുവനന്തപുരം: വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി സതീശനും ഒപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വ്യാഴാഴ്ചയാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സതീശനെ നേതാവായി തീരുമാനിച്ചത്. മുഖ്യമന്ത്രിയായി സതീശനെ തീരുമാനിച്ചതിന് ശേഷമായിരുന്നു യോഗം.
ഇതിന് ശേഷം ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട സതീശന്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. എംഎല്‍എമാരുടെ പിന്തുണക്കത്തും ഗവര്‍ണക്ക് കൈമാറി. സതീശനെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവര്‍ക്ക് ഒപ്പമാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ ഗവര്‍ണറെ കാണാന്‍ എത്തിയത്.
തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫാണ് വി.ഡി. സതീശന്റെ പേര് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ പ്രമേയത്തെ പിന്താങ്ങി. വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും തന്റെ പിന്തുണ അറിയിച്ചുകൊണ്ട് രമേശ് ചെന്നിത്തല കത്തയച്ചതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയായി പരിഗണിക്കാത്തതില്‍ രമേശ് ചെന്നിത്തല കടുത്ത അമര്‍ഷത്തിലാണ്. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുമുണ്ട്. മന്ത്രിസഭയില്‍ ചേരാനില്ല എന്ന നിലപാടിലാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല. അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്.