SignIn
Kerala Kaumudi Online
Thursday, 14 May 2026 2.48 PM IST

വിദ്യാർത്ഥി രാഷ്ട്രീയം മുതൽ കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ; പോരാട്ടങ്ങൾ നിറഞ്ഞ വി ഡി സതീശന്റെ രാഷ്ട്രീയ വഴി

v-d-satheesan

തിരുവനന്തപുരം: പിണറായി വിജയനുശേഷം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളത്തെ വിദ്യാർത്ഥി നേതാവിൽ നിന്ന് പറവൂരിൽ ആറുതവണ എംഎൽഎയായ രാഷ്ട്രീയ യാത്ര പിന്നീട് പിണറായി സർക്കാരിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ എത്തിച്ചേർന്നതിനൊടുവിലാണ് മുഖ്യമന്ത്രിക്കസേരയിലെത്തി നിൽക്കുന്നത്.

61ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയ വടശേരി ദാമോദരൻ സതീശൻ എന്ന വി ഡി സതീശന്റെ രാഷ്ട്രീയ ജീവിതം എളുപ്പമുള്ളതായിരുന്നില്ല. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും കെട്ടിപ്പടുത്തതാണ് സതീശന്റെ രാഷ്ട്രീയ യാത്ര. അവസരങ്ങൾ നിരന്തരമായി നഷ്ടമായിട്ടും പതറാത്തെ ഓരോ തവണയും വി ഡി തിരിച്ചെത്തി.

1964 മേയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന വടശേരി ദാമോദര മേനോന്റെയും വിലാസിനി അമ്മയുടെയും മകനായി സതീശൻ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്ന് ബിരുദവും രാജഗിരി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് കേരള ലോ അക്കാദമിയിൽ നിന്ന് എൽഎൽബിയും ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽഎമ്മും കരസ്ഥമാക്കി. ഏകദേശം പത്തുവ‌ർഷം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു.

വിദ്യാഭ്യാസ കാലത്താണ് സതീശന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. തേവരയിലെ എസ്എച്ച് കോളേജിൽ യൂണിയൻ ഭാരവാഹിയായി സേവനമനുഷ്ഠിച്ചാണ് തുടക്കം. പിന്നീട് എംജി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.


പിന്നീട് പറവൂരിന്റെ മുഖമായി സതീശൻ മാറി. രണ്ട് പതിറ്റാണ്ടിനപ്പുറം പറവൂരിന്റെ പ്രതിനിധിയായി പ്രവർത്തിച്ചു. 1996ലെ ആദ്യമത്സരത്തിൽ മാത്രമാണ് സതീശൻ പറവൂരിൽ തോൽവി അറിഞ്ഞത്. സി.പി.ഐയുടെ പി.രാജുവാണ് തോൽപ്പിച്ചത്. 2001ൽ പി.രാജുവിനെ തോൽപ്പിച്ച് സതീശൻ ആദ്യജയം സ്വന്തമാക്കി. 2011ൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനെ 11,349 വോട്ടിന് തോൽപ്പിച്ചു. 2016ൽ പി.കെ.വാസുദേവൻ നായരുടെ മകൾ ശാരദ മോഹനെ 20,634 വോട്ടിനും തോൽപ്പിച്ചു. 2021ൽ എം.ടി.നിക്‌സണെ തോൽപ്പിച്ചപ്പോൾ ഭൂരിപക്ഷം 22,000 വോട്ടായി. 2026ലും വി ഡി സതീശൻ തന്നെ പറവൂരിന്റെ ജേതാവായി. 20600 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സതീശൻ വിജയിച്ചത്. കഴിഞ്ഞ മുപ്പത് വർഷം കൊണ്ട് പറവൂരിലെ വോട്ടർമാരിൽ ഭൂരിഭാഗം പേരെയും നേരിട്ടറിയാവുന്ന ജനപ്രതിനിധിയായി മാറാൻ സതീശന് കഴിഞ്ഞു.

തുടർച്ചായി ആറുതവണ എംഎൽഎയായിട്ടും പാർട്ടിയിൽ പല അവസരങ്ങളിലും സതീശൻ തഴയപ്പെട്ടു. കപ്പിനും ചുണ്ടിനുമിടയിൽ പലതവണ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളതായി സതീശൻ തന്നെ സമ്മതിച്ചിട്ടുണ്ട്. കെ.എസ്.യു പ്രസിഡന്റ് സ്ഥാനം, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം, 2011ൽ മന്ത്രി സ്ഥാനം എന്നിവ ആ നഷ്ട അവസരങ്ങളിൽ ഉൾപ്പെടുന്നു. എന്നിട്ടും തളരാതെ അദ്ദേഹം പ്രവർത്തനം തുടർന്നു.

കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെയും എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയുടെയും ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായും പിന്നീട് അഞ്ച് വർഷം കെപിസിസി വൈസ് പ്രസിഡന്റായും സതീശൻ പ്രവർത്തിച്ചു.

2016ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടിയുടെ ചീഫ് വിപ്പായി. 2006നും 2011നും ഇടയിൽ ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സതീശൻ നിയമസഭയിൽ 33 അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചു. കേരള നിയമസഭാ ചരിത്രത്തിലെ തന്നെ റെക്കാഡ് ആണിത്.

സതീശന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവുണ്ടായത് 2021ൽ ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ദയനീയ പരാജയത്തിന് ശേഷം കോൺഗ്രസ് ഹൈക്കമാൻഡ് നിരവധി മുതിർന്ന നേതാക്കളെ മറികടന്ന് സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചു. ഇത് കേരളത്തിലെ കോൺഗ്രസിനുള്ളിൽ ഒരു തലമുറമാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. സഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമായി വി ഡി മാറി. പിണറായി സർക്കാരിനെ പല വിഷയങ്ങളിലും നിഷിതമായി വിമർശിച്ചു. പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.

സതീശന്റെ നേതൃത്വത്തിൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയക്കൊടി പാറിച്ചു. കേരളത്തിലെ 20 സീറ്റുകളിൽ 18 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. 2025ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയവും പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു. തൃക്കാക്കര, പുതുപ്പള്ളി, നിലമ്പൂർ ഉൾപ്പടെയുള്ള മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലെ യുഡിഎഫിന്റെ വിജയത്തിലും സതീശൻ സുപ്രധാന പങ്കുവഹിച്ചു.

രാഷ്ട്രീയ പ്രവർത്തകന് പുറമെ മികച്ച പ്രകൃതിസംരക്ഷകൻ കൂടിയാണ് സതീശൻ. മാധവ് ഗാഡ്‌‌ഗിൽ കമ്മിറ്റിയെ പരസ്യമായി പിന്തുണച്ച അപൂർവം കോൺഗ്രസ് നേതാക്കളിലൊരാളാണ് അദ്ദേഹം. അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കെതിരെയും ഭൂമി കയ്യേറ്റങ്ങൾക്കെതിരെയും തുടർച്ചയായി ശബ്ദമുയർത്തി.

നിരവധി വിവാദങ്ങളും സതീശനെ പിന്തുടർന്നു. പുനർജനി പദ്ധതി വിവാദമായിരുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 2018 ലെ പ്രളയത്തിൽ പറവൂരിൽ വീട് നഷ്ടപ്പെട്ടവർക്കായുള്ള ഭവന പദ്ധതിയായിരുന്നു ഇത്. നിയമവിരുദ്ധമായ വിദേശ ഫണ്ട് പിരിവ്, എഫ്‌സി‌ആർ‌എ ലംഘനങ്ങൾ എന്നിവയാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടത്. എന്നാൽ വിജിലൻസ് റിപ്പോർട്ട് അദ്ദേഹത്തെ പ്രധാന കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കി.

2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി നടപ്പാക്കിയ പുനർജനി പറവൂരിന് പുതുജീവൻ പദ്ധതി കേരളത്തിന് മാതൃകയായി. ആയിരക്കണക്കിന് പേർക്ക് സഹായമെത്തിച്ചു. നൂറുകണക്കിന് വീടുകളാണ് നിർമ്മിച്ച് നൽകിയത്. കർഷകർ, കൈത്തറി - കയർ തൊഴിലാളികൾ, സ്വയംസംരംഭകർ, വ്യാപാരികൾ തുടങ്ങി എല്ലാ മേഖലയിലുള്ളവർക്കും പദ്ധതിയിൽ സഹായം നൽകി. പദ്ധതിയെക്കുറിച്ച് ഏറെ വിവാദങ്ങൾ ഉയർന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പുനർജനി പദ്ധതി തുടർന്നു.

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകൾക്കായി കോൺഗ്രസ് സ്വരൂപിച്ച ഫണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വകമാറ്റിയെന്ന സിപിഎം നേതാക്കളുടെ ആരോപണമാണ് മറ്റൊരു പ്രധാന വിവാദം. എന്നാൽ കോൺഗ്രസിനോ സതീശനോ എതിരെ ഒരു അന്വേഷണവും ആരംഭിച്ചില്ല. ഫണ്ട് മാനേജ്‌മെന്റ് പ്രക്രിയയെ സതീശൻ ശക്തമായി ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു. ഫണ്ട് ജോയിന്റ് അക്കൗണ്ടിലാണുള്ളതെന്നും 100 വീടുകൾ നിർമ്മിക്കുന്നതിനായി 3.24 ഏക്കർ ഭൂമി ഇതിനകം വാങ്ങിയിട്ടുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

2022ൽ ആർഎസ്എസുമായി ബന്ധപ്പെട്ട പരിപാടിയിൽ സതീശൻ പങ്കെടുക്കുന്ന പഴയ ഫോട്ടോ പുറത്തുവന്നത് മറ്റൊരു വിവാദം ഉയരാൻ കാരണമായി. കോൺഗ്രസിനുള്ളിൽ നിന്നുതന്നെ വിമർശനം ഉയർന്നു. എന്നാൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ അതിഥിയായി പങ്കെടുത്തതാണെന്നായിരുന്നു സതീശന്റെ വിശദീകരണം. വിവാദങ്ങളെ ശക്തമായി നേരിട്ടും പാർട്ടി പ്രവർത്തനം തുടർന്നുമാണ് വി ഡി സതീശൻ ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിൽ എത്തിനിൽക്കുന്നത്. ഒപ്പം പരിപൂർണ പിന്തുണ നൽകി ഭാര്യ ലക്ഷ്മിപ്രിയയും മകൾ ഉണ്ണിമായയും ഒപ്പമുണ്ട്.

Add as a preferred source on Google
TAGS: V D SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA