സീല്‍ഡ് കവറില്‍ കെ സിയുടെ പേര്? 11:30ന്റെ ചാര്‍ട്ടഡ് വിമാനത്തില്‍ തലസ്ഥാനത്ത് എത്തും, വരവേല്‍ക്കാനൊരുങ്ങി പ്രവര്‍ത്തകര്‍

Wednesday 13 May 2026 11:57 PM IST

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന സസ്‌പെന്‍സ് അവസാനിക്കാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരുപ്പ്. തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തര്‍ക്കങ്ങള്‍ക്കും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും അവകാശവാദങ്ങള്‍ക്കും ഒടുവില്‍ ഒറ്റപ്പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയാരെന്ന് നാളെ പ്രഖ്യാപിക്കുമെന്നും അത് തിരുവനന്തപുരത്തായിരിക്കുമെന്നും മുതിര്‍ന്ന നേതാവ് ജയറാം രമേശ് ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷിയാണ് ഐഐസിസി തീരുമാനം ഉള്‍ക്കൊള്ളുന്ന സീല്‍ഡ് കവറുമായി എത്തുക. ഇതില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പേരാണ് എന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണയും ഒപ്പം എംപിമാര്‍, മുതിര്‍ന്ന നേതാക്കള്‍, മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാര്‍ എന്നിവരുടെ പിന്തുണയും കെസിക്കായിരുന്നു എന്നത് അദ്ദേഹത്തെ തുണച്ചുവെന്നാണ് വിവരം.

മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച മൂന്ന് നേതാക്കളുടെ ക്യാമ്പും ആത്മവിശ്വാസത്തിലാണ്. തങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്ഥിരം നടപടിക്രമങ്ങള്‍ കെസിക്ക് അനുകൂലമാണ്. എന്നാല്‍ പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന പാര്‍ട്ടിയേയും മുന്നണിയേയും നയിച്ച സതീശന്റെ ജനപിന്തുണയും ഘടകകക്ഷികളുടെ പിന്തുണയും തനിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് സതീശന്‍ ക്യാമ്പ്. സീനിയോറിറ്റിയും വിഡി കെസി തര്‍ക്കവും തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല.

രാവിലെ 11.30ന് ചാര്‍ട്ടഡ് വിമാനത്തില്‍ കെസി വേണുഗോപാല്‍ തിരുവനന്തപുരത്ത് എത്തും. അവിടെ നിന്ന് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന നിയുക്ത എംഎല്‍എമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയാര് എന്ന പ്രഖ്യാപനം വരിക. അതിന് ശേഷം ലോക്ഭവനിലേക്ക് റോഡ് ഷോ ഉള്‍പ്പെടെ സംഘടിപ്പിക്കാനും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനുമാണ് തീരുമാനമെന്നാണ് വിവരം.