ഹസന് മറുപടിയുമായി ഷിബു: ഞങ്ങളും മുന്നണിക്കായി വെള്ളം കോരിയവർ
ചവറ: തങ്ങളും യു.ഡി.എഫിനായി കുറേ വെള്ളം കോരിയവരാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടക കക്ഷികൾ ഇടപെടേണ്ടെന്ന കോൺഗ്രസ് നേതാവ് എം.എം. ഹസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാടൻ ഭാഷയിൽ ഹസന് മറുപടിപറയുന്നില്ല. ഇന്നലെ വരെ ഒരുമിച്ചു നീങ്ങിയതുകൊണ്ടും നാളെയും അങ്ങനെയാവണമെന്നാണ് ആഗ്രഹിക്കുന്നത്. സങ്കേതികമായി പറഞ്ഞാൽ ഹസൻ പറഞ്ഞത് ശരിയാണ്. കോൺഗ്രസ് നേതാക്കളെ തീരുമാനിക്കുന്നത് ആ പാർട്ടിയാണ്. മുഖ്യമന്ത്രി ആരാവണമെന്ന് പറയാൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ വേറെയാർക്കും ഒരു കാര്യവുമില്ലെന്നു പറയുന്നത് ശരിയല്ലെന്നും ഷിബു പറഞ്ഞു.
നേതാക്കളെ പെരുമാറ്റം പഠിപ്പിക്കണം:പന്ന്യൻ
കേരള രാഷ്ട്രീയം മലീമസമായിരിക്കുന്നുവെന്ന് മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും തമ്മിലുള്ള ബന്ധം വളരെയേറെ അകന്നു. എങ്ങനെ പെരുമാറണമെന്നതിന് കുറിച്ച് നേതാക്കന്മാരെ പഠിപ്പിക്കേണ്ട സമയമായിരിക്കുന്നു. കേരള രാഷ്ട്രീയത്തിലെ ജീർണത പരിഹരിക്കാനുള്ള വലിയ പ്രവർത്തനം വേണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ പ്രവർത്തകർക്ക് മാന്യത വേണം. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ പലരുടെയും രാഷ്ട്രീയ പ്രവർത്തനം. അധികാരം കിട്ടാൻ ഏത് പാർട്ടിയിലേക്കും മാറിപ്പോകാമെന്നത് അപമാനകരമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അഴിച്ചുപണി വരുമ്പോൾ കേരള രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള സംസാരം മോശകരമാണ്. മോശമായ വാക്കുകൾ ഉപയോഗിക്കുന്നത് ആരാണെങ്കിലും അംഗീകരിക്കാനാകില്ല. രാജ്യത്തിന്റെ വളർച്ചയിൽ വളരെ പങ്കു വഹിക്കുന്ന പാർട്ടിയാണ് സി.പി.എമ്മും സി.പി.ഐയും.. . പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണോ എന്ന തർക്കത്തിന് സി.പി.ഐയില്ല. തിരഞ്ഞെടുപ്പിലെ പരാജയം പിണറായിക്കെതിരെയുള്ള വിധിയാണെന്ന മാദ്ധ്യമങ്ങളുടെ പ്രസ്താവനയോട് യോജിക്കുന്നില്ല. ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടിയിട്ട് കോൺഗ്രസിന് മുഖ്യമന്ത്രി ആരാകണമെന്നതിനെക്കുറിച്ച് ചർച്ച നടത്തണമെന്ന് പറയുന്നത് മോശമായിപ്പോയെന്നും പന്ന്യൻ പ്രതികരിച്ചു.
നല്ല തീരുമാനം വരുമെന്ന് പ്രതീക്ഷ: സുധീരൻ
മുഖ്യമന്ത്രി ആരെന്നതിൽ നല്ല തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കൂടിയാലോചനകൾക്ക് ശേഷമാണ് പാർട്ടി നേതൃത്വം തീരുമാനത്തിൽ എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് നിശ്ചയിക്കപ്പെട്ടാലും യു.ഡി.എഫ് സർക്കാർ ജനമനസറിഞ്ഞ് മുന്നോട്ടുപോകുമെന്നും സുധീരൻ പറഞ്ഞു.
ലീഗ് മന്ത്രിമാരെ പാണക്കാട് തങ്ങൾ തീരുമാനിക്കും: എം.കെ.മുനീർ
മുസ്ലീംലീഗിന്റെ മന്ത്രിമാരെ സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങൾ തീരുമാനിക്കുമെന്ന് മുൻ മന്ത്രി ഡോ.എം.കെ.മുനീർ. കോഴിക്കോട് ജില്ലയ്ക്ക് പ്രാതിനിദ്ധ്യമുണ്ടാകും. ലീഗ് മന്ത്രിമാരുടെ എണ്ണം കൂടുമോ എന്നിപ്പോൾ പറയാനാവില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വെെകിയത് യു.ഡി.എഫ് വിജയത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് ആർക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.വകുപ്പുകൾ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. അത് നേതൃത്വം തീരുമാനിക്കും. ലീഗിന് വിദ്യാഭ്യാസ മന്ത്രിസ്ഥാനം നൽകരുതെന്ന് പറയാൻ ബി.ജെ.പിക്ക് അവകാശമില്ലെന്നും സി.പി.എമ്മിന് പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.