തിരുവനന്തപുരം: 20 ദിവസമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ് 35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ 17 അംഗ സംഘം എത്തി. വിമാനത്തിന്റെ നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും ബ്രിട്ടീഷ് സേനയുടെയും എൻജിനിയർമാരാണ് ട്രാൻസ്‌പോർട്ട് വിമാനമായ എയർബസ് 400ലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഇവർക്ക് വിമാനത്തിൽ കയറാൻ അനുവാദമില്ലെന്നാണ് വിവരം. ജൂൺ 14നാണ് ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം വിമാനം ഇവിടെയിറക്കിയത്.
മൂന്ന് സാദ്ധ്യതകളാണ് സംഘം പരിഗണിക്കുന്നത്. വിമാനത്താവളത്തിലെ പാർക്കിംഗ് ബേയിൽ വച്ച് തകരാർ പരിഹരിക്കുക, എയർഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുക, രണ്ടും സാദ്ധ്യമായില്ലെങ്കിൽ ചിറകുകൾ അഴിച്ചുമാറ്റി വിമാനത്തിൽ എയർലിഫ്റ്റ് നടത്തുക. വിമാനം എയർലിഫ്റ്റിംഗ് നടത്തുകയാണെങ്കിൽ വിമാനത്താവളത്തിലെ പാർക്കിംഗ്, ഹാൻഡ്ലിംഗ്, ലാൻഡിംഗ് ഫീസുകൾ ബ്രിട്ടീഷ് സേന അടയ്ക്കും.
വിമാനത്തെ ഹാംഗറിലേക്ക് വലിച്ചുകൊണ്ടുപോവാനുള്ള സംവിധാനങ്ങളുമായാണ് വിദഗ്ദ്ധസംഘം എത്തിയത്. വിമാനത്തിന് ഗുരുതര ഹൈഡ്രോളിക് തകരാറാണെന്നാണ് സൂചന. 115 ദശലക്ഷം ഡോളർ (995 കോടി രൂപ) വിലയുള്ള വിമാനമാണിത്. വിമാനത്തിന്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റുരാജ്യങ്ങൾക്ക് കൈമാറാത്തതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസമുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |