
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് കുറ്റം ചെയ്‌തതായി ഇപ്പോഴും കരുതുന്നില്ലെന്ന് നടൻ മഹേഷ്. ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് കോടതി വിധി പറയുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മഹേഷിന്റെ പ്രതികരണം.
'വളരെ പോസിറ്റീവായി തന്നെ ദിലീപ് ആരോപണങ്ങളെല്ലാം കാറ്റിൽ പറത്തി ഉദയസൂര്യനെപ്പോലെ ഉയർന്നുവരുമെന്നാണ് കരുതുന്നത്. ദിലീപ് കുറ്റം ചെയ്‌തതായി ഞാൻ ഇപ്പോഴും കരുതുന്നില്ല. ആക്രമിക്കപ്പെട്ട നടിക്കും നീതി ലഭിക്കണം. ദിലീപ് കുറ്റം ചെയ്‌തതായി ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് ഞാൻ മുമ്പും പറഞ്ഞിട്ടുള്ളത്. അങ്ങനെ തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. വിധി വന്നശേഷം ചിലപ്പോൾ ഉയർന്ന കോടതികളിലേക്ക് പരാതികൾ പോവുമായിരിക്കും. ഇവിടെ കുറ്റവിമുക്തനാക്കിയാൽ തന്നെ വിജയത്തിന് തുല്യമായെടുക്കാൻ സാധിക്കും.

പലപ്പോഴും കേസിൽ പല പ്രശ്‌നങ്ങളും വന്നു. സുപ്രീം കോടതി വരെ പോകേണ്ടിവന്നു. എല്ലാം അതിജീവിച്ച് ഇത്രയും വർഷം കേസുമായി മുന്നോട്ടുപോയി. ആക്രമിക്കപ്പെട്ട നടിക്കും ദിലീപിനും നീതി ലഭിക്കണം. നടി ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നതിൽ തർക്കമില്ല. അതിന്റെ കാരണക്കാരൻ ദിലീപ് അല്ലെന്ന് മാത്രമാണ് ഞാൻ പറയുന്നത്. യഥാർത്ഥ പ്രതികളെയും കുറ്റവാളികളെയും ശിക്ഷിക്കണം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ കുറ്റവാളികൾ പുറത്തുവന്നിട്ടില്ല. നടിക്കെതിരായ നികൃഷ്‌ടമായ സംഭവമാണ് നടന്നത്. അതിന് തക്കതായ ശിക്ഷ ലഭിക്കുക തന്നെ വേണം. എന്നാൽ, തെറ്റ് ചെയ്യാത്തവരെ അല്ല ശിക്ഷിക്കേണ്ടത്' - മഹേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |