തിരുവനന്തപുരം:ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധത്തിനൊരുങ്ങി ആശാവർക്കർമാർ.സമരത്തിന്റെ അൻപതാം ദിവസമായ തിങ്കളാഴ്ചയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം.
മൂന്നുപേരുടെ നിരാഹാര സമരം ഏഴാംദിവസം പിന്നിട്ടിട്ടും സർക്കാർ മുഖംതിരിച്ച് നിൽക്കുകയാണെന്ന് ആശാ വർക്കർമാർ ആരോപിച്ചു.യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ആശമാർക്ക് അധികവേതനം നൽകാൻ തനത് ഫണ്ടിൽനിന്ന് തുക മാറ്റിവച്ചിട്ടുണ്ടെന്നും എന്നാൽ ജില്ലാ ആസൂത്രണസമിതിയുടെ അനുമതിയില്ലാതെ ഇത് നടപ്പാക്കാനാകില്ലെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം സമരത്തോടുള്ള സർക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് സമരനേതാക്കൾ പറഞ്ഞു.സർക്കാർ അനുഭാവം കാണിക്കാത്ത സാഹചര്യത്തിലാണ് മുടിമുറിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആശാവർക്കർമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മാസങ്ങളായി വാടകപോലും നൽകാനാവാത്ത സ്ഥിതിയിലാണ് പലരുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി പറഞ്ഞു.സമരം ചെയ്തവർക്ക് ഫെബ്രുവരിയിൽ ഓണറേറിയം ലഭിച്ചിട്ടില്ല.ഓണറേറിയത്തിന്റെ മാനദണ്ഡം എടുത്ത് മാറ്രിയ സ്ഥിതിക്ക് എല്ലാവർക്കും ഓണറേറിയത്തിന് അർഹതയുണ്ട്. പോണ്ടിച്ചേരി ഓണറേറിയം18000 ആയി ഉയർത്തിയതിൽനിന്ന് ഇത് സംസ്ഥാനത്തിന് സാദ്ധ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിരമിക്കൽ പ്രായം 62 ആയി നിശ്ചയിച്ചപ്പോൾ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കേണ്ടതുണ്ട്.62 വയസ് എന്ന പ്രായപരിധി ഉത്തരവ് പിൻവലിക്കണമെന്നും വിഷയത്തിൽ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും എസ്.മിനി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |