SignIn
Kerala Kaumudi Online
Thursday, 19 February 2026 8.41 AM IST

'സർക്കാരിനെതിരെ ഇതുവരെ ഒരു കേസും കൊടുത്തിട്ടില്ല, അതിന് സാഹചര്യം ഒരുക്കരുത്'; പരിഹാസ പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്

Increase Font Size Decrease Font Size Print Page
n-prashanth-ias

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപം ഉന്നയിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായ എൻ പ്രശാന്ത് ഐഎഎസ് വീണ്ടും ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റ് പങ്കുവച്ചു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ഹിയറിംഗ് നടന്നതിനുശേഷമായിരുന്നു അദ്ദേഹം പോസ്റ്റുമായി എത്തിയത്. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്നും ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്‌ത്തി വച്ചെന്നും പ്രശാന്ത് പോസ്റ്റിൽ കുറിച്ചു.

പ്രശാന്ത് ഇന്നലെ ചീഫ് സെക്രട്ടറിക്ക് മുമ്പാകെ ഹിയറിംഗിന് ഹാജരായിരുന്നു.വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച ഹിയറിംഗ് രണ്ടുമണിക്കൂർ നീണ്ടു. അച്ചടക്കനടപടി സംബന്ധിച്ച് പ്രശാന്തിന്റെ ഭാഗം വിശദീകരിക്കാനായിരുന്നു ഹിയറിംഗ്. പ്രശാന്ത് ചട്ടലംഘന ആരോപണം പൂർണമായി നിഷേധിച്ചതായാണ് അറിയുന്നത്. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.മുഖ്യമന്ത്രിയാണ് തുടർ നടപടി സ്വീകരിക്കേണ്ടത്. കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.

ഇന്നലെ ഹിയറിംഗിന് ഹാജരാകുന്നതിന് മുമ്പും പ്രശാന്ത് ചീഫ് സെക്രട്ടറിയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നു. സുപ്രീംകോടതിയെക്കാൾ പവറാണ് ചീഫ് സെക്രട്ടറിക്കെന്നായിരുന്നു പരിഹാസം. നടപടിയുണ്ടായാൽ ട്രൈബൂണലിനെ സമീപിക്കും എന്നും കുറിപ്പിൽ സൂചനയുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നത്തെ ഹിയറിംഗിന്റെ വിശേഷങ്ങൾ ചോദിച്ച് വന്ന അനവധി മെസേജുകൾക്കും കോളുകൾക്കും മറുപടി ഇടാൻ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാൻ ശ്രമിക്കാം. ഹിയറിംഗിൽ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്:

1. ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തി വച്ച്‌, അതിന്റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വച്ച എന്റെ പ്രമോഷൻ ഉടനടി നൽകണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്‌.

2. ⁠ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.

3. ⁠ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും പ്രമുഖ പത്രത്തിനും എതിരെ ക്രിമിനൽ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണം.

4. ചട്ടങ്ങളും നിയമങ്ങളും സർക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവർത്തിച്ചിട്ട് "ന്നാ താൻ പോയി കേസ് കൊട്" എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന്‌ ദയവായി സാഹചര്യം ഒരുക്കരുത്‌.

5. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല. സർക്കാർ സംവിധാനങ്ങൾക്ക്‌ പുറത്ത്‌ ശ്വാസം മുട്ടാൻ ഞാൻ ഗോപാലകൃഷ്ണനല്ല.

TAGS: PRASHANTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY