SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.47 PM IST

'ഈ വർഷം വിഷു തെരുവിൽ ആഘോഷിക്കണമെന്നായിരിക്കും'; സമരപന്തലിന് മുന്നിൽ കണിയൊരുക്കി ആശമാർ

Increase Font Size Decrease Font Size Print Page
asha-workers

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുളള സമരപന്തലിൽ വിഷുക്കണി ഒരുക്കി ആശാവർക്കർമാർ. ഓണറേറിയം വർദ്ധനവ് അടക്കമുളള കാര്യങ്ങൾ ആവശ്യപ്പെട്ട് ആശമാർ നടത്തുന്ന രാപകൽ സമരം ഇന്ന് 65-ാം ദിവസം പിന്നിടുകയാണ്. സമരം കൂടുതൽ ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21ന് ആദരമർപ്പിക്കാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

'ഞങ്ങൾ അവകാശങ്ങൾ ചോദിച്ചു വന്നതുകൊണ്ട് ഈ വർഷത്തെ വിഷു തെരുവിലാണ് ആഘോഷിക്കേണ്ടി വന്നത്. ഞങ്ങളുടെ ഈ വർഷത്തെ വിധി ഇങ്ങനെയാണ്. ഇനിയെങ്കിലും മന്ത്രി കണ്ണ് തുറന്ന് ഞങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും തന്ന് ഞങ്ങളെ പറഞ്ഞയക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെസഹാ വ്യാഴത്തിന് മുൻപ് എന്തെങ്കിലും തീരുമാനമെടുത്താൽ അത് വീടുകളിൽപ്പോയി ആഘോഷിക്കാം'- ആശമാരിലൊരാൾ പ്രതികരിച്ചു.

രാപകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. ആശമാർ നടത്തുന്നത് ഐതിഹാസിക സമരമെന്ന് സമരസമിതി നേതാവ് മിനി ഇന്നലെ പ്രതികരിച്ചിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ പ്രവർത്തകരെയും സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരെയും അണിനിരത്തി പൗരസാഗരം സംഘടിപ്പിച്ചിരുന്നു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പൗരസാഗരത്തിൽ പങ്കെടുത്തവർ ഉന്നയിച്ചത്.

സമരം ഒത്തുതീർക്കാനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഇല്ലാത്തതിനാൽ പുതിയ സമരരീതികളിലേക്ക് കടക്കാനാണ് സമരക്കാരുടെ തീരുമാനം. നിരാഹാര സമരം ഇന്ന് 27-ാം ദിവസമാണ്. അതിനിടെ തൊഴിൽ മന്ത്രിയുമായി സമരസമിതി ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

TAGS: ASHA WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY