' ഞാൻ റെഡിയായി... പോകാൻ..." ജെ.സി.ഡാനിയേൽ പുരസ്ക്കാരം സ്വീകരിച്ചതിന്റെ അടുത്ത ദിവസം വസതിയായ 'പിറവി"യിൽ വച്ച് അവസാനമായി സംസാരിക്കവെ ഷാജി സാർ (ഷാജി.എൻ.കരുൺ) പറഞ്ഞു. കട്ടിലിൽ കിടക്കുകയായിരുന്ന അദ്ദേഹത്തോട്
എങ്ങനെയുണ്ട് ?എന്നു ചോദിച്ചപ്പോഴായിരുന്നു കൈയ്യിൽ പിടിച്ച് ഈ മറുപടി പറഞ്ഞത്. എപ്പോഴുമിരുന്നു സംസാരിക്കുന്ന സ്വീകരണ മുറിയിലേക്ക് അദ്ദേഹം വന്നില്ല. കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്നു. എഴുന്നേൽക്കാൻ വയ്യെന്നും, നല്ല ക്ഷീണമുണ്ടെന്നും.നേരിയ ശബ്ദത്തിൽ പറഞ്ഞു . പോകാൻ സമയമായെന്നു ഷാജി സാറിനു ബോദ്ധ്യമായതുപോലെ തോന്നി. ആഹാരം കഴിക്കാൻ പ്രയാസമായിരുന്നു. ഭാര്യ അനസൂയയും മക്കളായ അനിലും അപ്പുവും എപ്പോഴും കരുതലോടെ അരികിലുണ്ടായിരുന്നു. ഏതാനും ദിവസം മുമ്പ് ആശുപത്രിയിലേക്ക് മാറ്റി. ഒടുവിൽ വീണ്ടും വീട്ടിലേക്കു കൊണ്ടു വന്നു. പതിയെ പതിയെ ഉറക്കത്തിലേക്ക് പൂർണമായി മാറി. ഒടുവിൽ നിതാന്തനിദ്രയിലേക്കും.
തന്റെ പതിനൊന്നാമത്തെ വയസിലാണ് അനസൂയ ഷാജിയെ കാണുന്നത്. അത് പിന്നീട് വിവാഹത്തിലേക്കും സന്തുഷ്ടമായ കുടുംബജീവിതത്തിലേക്കും മാറി. ഷാജി എൻ.കരുണിന്റെ നിഴലായി നിന്ന ഐശ്വര്യമായിരുന്നു ഒരർത്ഥത്തിൽ അനസൂയ. ഇന്നലെ വൈകിട്ട് അദ്ദേഹം ജീവൻ വെടിയുമ്പോഴും കൈപിടിച്ച് അരികിൽ തന്നെ അനസൂയ ഉണ്ടായിരുന്നു.
മലയാള സിനിമ, ലോകത്തിനു കാഴ്ചവച്ച ഇതിഹാസമായിരുന്നു ഷാജി എൻ.കരുൺ. ജീവിതത്തിൽ ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെ, മാനവികതയിൽ വിശ്വസിച്ച് എപ്പോഴും സേവനനിരതനായി. ആ ജീവിതം അങ്ങനെ യാത്രയാകുന്നു. ഏഴു സിനിമകളെ സംവിധാനം ചെയ്തുള്ളു. ഇനിയും ചെയ്യാൻ ബാക്കിയുണ്ടായിരുന്നു. ഇ.എം.എസിന്റെ കാലം മുതൽക്കെ
സി.പി.എമ്മുമായി ഇഴുകിച്ചേർന്ന അടുപ്പം. പാർട്ടിയുടെ നിർബന്ധത്തിനു വഴങ്ങി പല ഉത്തരവാദിത്വങ്ങളും ചുമലിലേറ്റി. ഛായാഗ്രാഹകനെന്ന നിലയിൽ ദേശീയ പ്രശസ്തനായി നിൽക്കുമ്പോഴാണ് സംവിധാനത്തിലേക്ക് വഴി തിരിഞ്ഞത്. പക്ഷെ മറ്റു പല ഛായാഗ്രഹകരെയും പോലെ സംവിധാനം ചെയ്ത സിനിമകൾക്കൊന്നും സ്വയം ക്യാമറ ചലിപ്പിക്കാൻ മുതിർന്നില്ല.
മൂന്നാമത്തെ ചിത്രമായ വാനപ്രസ്ഥം പ്രഗത്ഭരായ കലാകാരൻമാരുടെ നിറസാന്നിദ്ധ്യത്താൽ സമ്പന്നമായിരുന്നു. നായകനായ മോഹൻലാലിനൊപ്പം കലാമണ്ഡലം ഗോപി ആശാനും കീഴ്പ്പടം കുമാരൻ നായരുമടക്കം പ്രഗത്ഭ കഥകളി നടൻമാരും മട്ടന്നൂർ ശങ്കരൻ കുട്ടിയെപ്പോലുള്ള ചെണ്ട വിദ്വാനും കലാമണ്ഡലം ഹരിദാസും ഒക്കെ അഭിനേതാക്കളായി. സംഗീത സംവിധാനം നിർവഹിക്കാൻ തബലയിലെ ഇതിഹാസം സാക്കിർ ഹുസൈനെത്തി. റെനത്തോ ബർത്തോ എന്ന വിശ്രുത ഛായാഗ്രഹകനാണ് ചിത്രീകരണം തുടങ്ങിവച്ചത്. സന്തോഷ് ശിവൻ പിന്നീട് ആ ദൗത്യം ഏറ്റെടുത്തു. സായികയായി അഭിനയിച്ച സുഹാസിനിയുടെ സ്ഥാനത്ത് ആദ്യം ആലോചിച്ചത് മാർഗി സതിയെയായിരുന്നു.
ഏത് കാര്യം ചെയ്താലും അതിലൊരു പെർഫെക്ഷൻ വേണമെന്ന് നിർബന്ധമായിരുന്നു. ഇനി എത്രയോ ചിത്രങ്ങൾ വരേണ്ടതായിരുന്നു. മലയാള സിനിമയുടെ നിലവാരം ഉയർത്താനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമുള്ള വിശ്രമമില്ലാത്ത ഓട്ടത്തിൽ സ്വന്തം സിനിമകൾക്കായി മാറ്റിവയ്ക്കാൻ സമയം ഇല്ലായിരുന്നു. വിശ്രുത ഇറാനിയൻ സംവിധായകൻ മൊഹ്സിൻ മഖ് മൽബഫ് ഒരിക്കൽ ഷാജിയോടു ചോദിച്ചു. രണ്ടുവർഷം കൂടുമ്പോഴെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്തുകൂടെയെന്ന്. ഗോവയിൽ ഈ ലേഖകൻ ബഫിനെ ഇന്റർവ്യു ചെയ്യുമ്പോൾ ബഫിന്റെ ചിത്രങ്ങളെടുക്കാൻ ഷാജി സാറുമുണ്ടായിരുന്നു. ലോക ചലച്ചിത്രകാരൻമാർ ആരാധനയോടെ കണ്ട മലയാളിയാണ് ക്യാമറ ഫ്രെയിമിൽ നിന്ന് ചരിത്രമായി മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |