ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം, ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടി വേണം; സർക്കാരിന് ശുപാർശ
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ ജയിൽ ഡി ഐ ജിക്കും കാക്കനാട് ജയിൽ സൂപ്രണ്ടിനുമെതിരെ നടപടിക്ക് ശുപാർശ. ജയിൽ എ ഡി ജി പിയാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.
വിഷയത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ജയിൽ എ ഡി ജി പിയോട് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയോടെ നടപടിയുണ്ടായേക്കും.
കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിയുമ്പോൾ മദ്ധ്യമേഖല ജയിൽ ഡി ഐ ജി പി അജയകുമാർ ജയിലിൽ എത്തിയിരുന്നു. കൂടെ ബോബിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബി ചെമ്മണ്ണരുമായി രണ്ട് മണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകി.
സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്തു എന്നും ഡി ഐ ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനധികൃതമായി ആളുകളെ ജയിലിൽ എത്തിച്ചതിൽ വീഴ്ച സംഭവിച്ചു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഡിഐജിക്കെതിരെ ജയിൽ സൂപ്രണ്ട് ഒഴികെയുള്ള ജീവനക്കാർ മൊഴി നൽകുകയും ചെയ്‌തിരുന്നു. അജയകുമാർ മേയിൽ വിരമിക്കാനിരിക്കുകയാണ്. ഫെബ്രുവരി മുതൽ തനിക്ക് അവധി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.