നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസ്; ഗൺമാൻമാരെ സസ്‌പെൻഡ് ചെയ്‌തേക്കും

Tuesday 12 May 2026 11:53 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്‌ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ ഗൺമാൻമാരെ സസ്‌‌പെൻഡ് ചെയ്‌തേക്കും. അന്ന് മർദനമേറ്റവരിൽ ഒരാളായ എ ഡി തോമസ് ഇന്ന് ആലപ്പുഴ എംഎൽഎ ആണ്. മർദനത്തിൽ വീഴ്‌ചയില്ലെന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് തോമസ് ഉടൻ പരാതി നൽകും. ഇതോടെ കേസിൽ തുടരന്വേഷണം ഉണ്ടാകും.

ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്‌ഷനിൽ നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ പൊലീസ് നീക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരനും കാറിൽ നിന്ന് വടിയുമായി പുറത്തിറങ്ങി യുവാക്കളുടെ തലയിലടിച്ചത്. മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കേണ്ട ഗൺമാൻ അകമ്പടി വാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ചത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപണം ഉയർന്നിരുന്നു.

എന്നാൽ, ഗൺമാൻമാരുടെ പ്രവൃത്തികളെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിക്കുകയാണ് ചെയ്‌തത്. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാർ ആക്രമിച്ചപ്പോഴും വടിയുമായി ഗൺമാൻ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുള്ള ബസിനൊപ്പം സഞ്ചരിച്ച് സുരക്ഷ ഒരുക്കേണ്ടതാണ് ഗൺമാന്റെ ജോലി. ഇതിന് പകരം എസ്‌കോർട്ട് കാറിൽ എത്തി അക്രമത്തിന് നേതൃത്വം നൽകുകയായിരുന്നു ചെയ്‌തത്.