സി.ബി.എസ്.ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകൾക്ക് തുടക്കം

Saturday 16 May 2026 12:36 AM IST

കൊച്ചി: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷകളിൽ മാർക്ക് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ആദ്യഘട്ടത്തിൽ പരാജയപ്പെട്ടവർക്കുമായി നടത്തുന്ന രണ്ടാംഘട്ട (സപ്ലിമെന്ററി) പരീക്ഷകൾക്ക് തുടക്കമായി. ദേശീയതലത്തിൽ ഏഴുലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരീക്ഷയിൽ കേരളത്തിൽ നിന്ന് 21,726 പേരുണ്ട്. 21 വരെ തുടരുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം 139 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

രണ്ടിൽ ഉയർന്ന മാർക്കാകും സർട്ടിഫിക്കറ്റിൽ ചേർക്കുക. പരീക്ഷാഭീതിയും മാനസിക സമ്മർദ്ദവും കുറച്ച് ആത്മവിശ്വാസത്തോടെ ഉന്നതപഠനത്തിന് അവസരമൊരുക്കാനാണ് സപ്ളിമെന്ററി പരീക്ഷ ആവിഷ്കരിച്ചത്. വിജയശതമാനത്തിൽ 99.79 ശതമാനം നേടി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതായിരുന്നു.

* പന്ത്രണ്ടാംക്ലാസ്: പുനർമൂല്യ നിർണയ അപേക്ഷ അടുത്തയാഴ്ച

സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പുനർമൂല്യനിർണയ അപേക്ഷ അടുത്ത ആഴ്ച മുതൽ സ്വീകരിക്കുമെന്ന് സി.ബി.എസ്.ഇ റീജിയണൽ ഓഫീസ് അറിയിച്ചു. ഈ വർഷം നടപ്പിലാക്കിയ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിൽ പിഴവുകളുണ്ടെന്ന് വ്യാപകപരാതി ഉയരുന്നതിനാൽ പുനർമൂല്യ നിർണയ അപേക്ഷകൾ കൂടാനാണ് സാദ്ധ്യത. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിലാണ് ഭൂരിഭാഗം വിദ്യാർത്ഥികളും പുനഃപരിശോധന ആവശ്യപ്പെടുന്നത്. പന്ത്രണ്ടാം ക്ലാസ് ഫലത്തിലും 95.62 ശതമാനം വിജയവുമായി തിരുവനന്തപുരം റീജിയണാണ് ഒന്നാമത്.

ഒരു അവസരംകൂടി ലഭിക്കുന്നത് വിദ്യാർത്ഥികളിലെ ആശങ്ക കുറയ്ക്കാൻ സഹായിക്കും. മൂല്യനിർണയരംഗത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓൺസ്‌ക്രീൻ മാർക്കിംഗ് നടപ്പിലാക്കിയതോടെ സി.ബി.എസ്.ഇ വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

ഡോ. ഇന്ദിരാ രാജൻ

സെക്രട്ടറി ജനറൽ

നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ്