തിരുവനന്തപുരം: ഫിലിം കോൺക്ലേവിലെ വിവാദപരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം. അടൂരിന്റെ പ്രസംഗം മുഴുവനും പരിശോധിച്ചാൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ നിലനിൽക്കില്ലെന്നാണ് നിയമോപദേശം.
സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് അടൂരിനെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നൽകിയത്. വനിതാ സംവിധായകര്‍ക്കും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംവിധായകര്‍ക്കുമെതിരെ അടൂര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതെന്നായിരുന്നു പരാതി. പ്രസംഗത്തിലൂടെ അടൂര്‍ എസ് സി, എസ് ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാദ്ധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയിൽ ദിനു വ്യക്തമാക്കിയത്.
ഫിലിം കോൺക്ലേവിന്റെ സമാപനവേദിയിലാണ് അടൂർ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു. ഇതേത്തുടർന്ന് വേദിയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നെങ്കിലും വൈകാതെ അടൂര്‍ പ്രസംഗം തുടരുകയായിരുന്നു.
അതേസമയം, ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂരിനെതിരെ സംഘടനകൾ വനിതാ കമ്മീഷനിൽ പരാതി നൽകി. ഡബ്ല്യുസിസി, ദിശ, അന്വേഷി ഉൾപ്പെടെയുളള വനിതാ സംഘടനകളാണ് പരാതി നൽകിയത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് പരാതിയിലെ ആവശ്യം. സർക്കാർ പരിപാടികളിൽ നിന്ന് അടൂരിനെ മാറ്റിനിർത്താൻ നിർദ്ദേശം നൽകണമെന്നും അടൂരിന്‍റേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്നും ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |