
ചെറുതുരുത്തി: പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി വടക്കാഞ്ചേരി പൊലീസിൽ ഏൽപ്പിച്ചു. മുള്ളൂർക്കര കണ്ണമ്പാറ വളപ്പിൽ വീട്ടിൽ സുധീഷിനെയാണ് (26) അറസ്റ്റ് ചെയ്തത്. മുള്ളൂർക്കര റെയിൽവേ ക്രോസിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. കോളേജിൽ പോയി മടങ്ങുകയായിരുന്ന മുള്ളൂർക്കര സ്വദേശിനിയായ ഇരുപത്തി രണ്ടുകാരിയെയാണ് വസ്ത്രം വലിച്ചു കീറാനും മർദ്ദിക്കാനും ശ്രമിച്ചത്. റെയിൽവേ ട്രാക്കിന് മുകളിൽ യുവതിയെ തടഞ്ഞുനിറുത്തിയ പ്രതി തലമുടിയിൽ പിടിച്ച് വലിച്ച് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ടു. തല ട്രാക്കിലിടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി. യുവതി കുതറി മാറിയതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. മയക്കുമരുന്നിന് അടിമയും നിരവധി കേസിലെ പ്രതിയുമാണ് സുധീഷെന്നാണ് വിവരം. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |