ആലപ്പുഴ: നാടാകെ പാമ്പിഴയുമ്പോൾ വനം വകുപ്പിന്റെ ''സർപ്പ"" ആപ്പ് വഴി സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാടുകയറ്റിവിട്ടത് മുക്കാൽ ലക്ഷത്തിലധികം (75,330) പാമ്പുകളെ.ഇതിൽ മൂർഖനും അണലിയും ശംഖുവരയനും മുതൽ കടൽപ്പാമ്പുകൾ വരെ 23 വർഗങ്ങളിലായി 33,221എണ്ണം ഉഗ്രവിഷമുള്ളവ. കാടിറങ്ങിയവരിൽ മൂർഖനാണ് (28,116)മുന്നിൽ.വിഷമില്ലെങ്കിലും പെരുമ്പാമ്പും(18,562) എലിപ്പാമ്പും(11,209) തൊട്ടുപിന്നിലുണ്ട്.കൊടിയ വിഷമുള്ള അണലിക്കാണ് നാലാം സ്ഥാനം(3,507).
2021 ജനുവരി മുതൽ ഈ ഏപ്രിൽ 15 വരെയുള്ള വനം വകുപ്പിന്റെ കണക്കുപ്രകാരമാണിത്.ഇതോടെ വിഷംതീണ്ടിയുള്ള മരണം കുറഞ്ഞു.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പാമ്പുകടി മരണങ്ങൾ വർദ്ധിച്ചതോടെ സർപ്പ വോളന്റിയർമാർ ജാഗ്രതയിലാണ്. പ്രതിമാസം 2,800 ലധികം കേസുകളാണ് സർപ്പ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നത്. രാജവെമ്പാല മുതൽ ചേരവരെ നീളുന്ന ഉരഗങ്ങളുടെ റസ്ക്യൂവിന് ഡോക്ടറും എൻജിനിയറും അഭിഭാഷകരും മുതൽ വീട്ടമ്മമാർ വരെ 3600 ഓളം വോളന്റിയമാരാണുള്ളത്.
400 ഓളം പേർ വിവിധ മേഖലകളിൽ പണിയെടുക്കുന്ന സ്ത്രീകൾ. മുക്കാൽ ലക്ഷത്തോളം പാമ്പുകളുടെ കാടുകയറ്റത്തിനിടെ വോളന്റിയേഴ്സിൽ ചിലർക്കൊക്കെ കടിയേറ്റിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം സ്വദേശി സുകുവിന് മാത്രമാണ് ജീവൻ നഷ്ടമായത്. വർഷം തോറും 120-150 വരെ പേർക്ക് പാമ്പുകടിയിലൂടെ ജീവൻ നഷ്ടപ്പെട്ടിരുന്ന കേരളത്തിൽ കഴിഞ്ഞ നാലുവർഷമായി മരണനിരക്ക് 40ൽ താഴെയാണ്. കൃത്യമായ ചികിത്സ നൽകാൻ കഴിഞ്ഞതും കടിയേൽക്കാനുള്ള സാഹചര്യം കുറച്ചതുമാണ് കാരണം.
മുമ്പ് വനമേഖലലകളിലായിരുന്നു പാമ്പുകൾ പെരുകിയിരുന്നതെങ്കിൽ ഇപ്പോൾ നഗര -നാട്ടിൻപുറഭേദമെന്യേ പാമ്പുകൾ വർദ്ധിച്ചിട്ടുണ്ട്. റസ്ക്യൂ ടീമിന്റെ സേവനമാണ് അപകടങ്ങളും മരണനിരക്കും കുറയ്ക്കാൻ സഹായകമായത്.
- വൈ.മുഹമ്മദ് അൻവർ,
നോഡൽ ഓഫീസർ,സർപ്പ പ്രോഗ്രാം
സർപ്പ റസ്ക്യൂ കണക്ക്
(2021 മുതൽ 2026 ഏപ്രിൽ 15വരെ)
ആകെ.......................................75,330
ഉഗ്രവിഷമുള്ളത്......................33,221
ഉഗ്രവിഷമില്ലാത്തത്....................526
വിഷമില്ലാത്തത് ......................41,583
മൂർഖൻ.....................................28,116
അണലി.......................................3,507
ശംഖുവരയൻ................................729
രാജവെമ്പാല................................ 517
കുഴി മണ്ഡലി .................................191
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |