നെടുങ്കണ്ടം (ഇടുക്കി): വയോധികയായ മാതാവിനെയും മകനെയും കൊലപ്പെടുത്തി വീട്ടുപുരയിടത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പച്ചടി തോട്ടുവാക്കട പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ഒളിവിൽ പോയ ഇളയ മകൻ സജിക്കായി (43) പൊലീസ് തെരച്ചിൽ ആരംഭിച്ചു. പത്താം തീയതി മുതൽ മേരിക്കുട്ടിയെയും മൈക്ക് ഓപ്പറേറ്ററായ റെജിയെയും പുറത്തു കണ്ടിരുന്നില്ല. അമ്മ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും സഹോദരൻ തിരുവല്ലയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോയെന്നും സജി അയൽക്കാരാേട് പറഞ്ഞിരുന്നു.
ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിൽ സംശയം തോന്നിയ നാട്ടുകാർ വിവരം മേരിക്കുട്ടിയുടെ മകൾ സിനിയെ അറിയിച്ചു. സിനിയുടെ പരാതിയെ തുടർന്ന് ഞായറാഴ്ച വൈകിട്ട് പൊലീസ് വീടിന് സമീപമെത്തി. യാത്ര പോകാൻവിധം ബാഗുമായി റോഡിൽ നിൽക്കുകയായിരുന്ന സജി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസ് സമീപത്തെ മലയിൽ ബാഗ് കണ്ടെത്തി. ഇന്നലെ പുരയിടത്തിൽ മണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒരടി താഴ്ചയിൽ നിന്ന് പുരുഷന്റെ കാൽ പുറത്തേക്ക് കണ്ടതോടെ കൊലപാതകം സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 1.45ന് ഫൊറൻസിക് സംഘത്തിന്റെയും പൊലീസ് സർജന്റെയും സാന്നിദ്ധ്യത്തിൽ രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തു. പൂർണ്ണമായും അഴുകിയിരുന്നു. രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാവൂ. സജിയെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി ഷാജന്റെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഫോൺ സ്വിച്ച് ഓഫാണ്.
8 വർഷംമുമ്പ് പിതാവിനെ
കാണാതായി
മേരിക്കുട്ടിയുടെ ഭർത്താവായ പാസ്റ്റർ മാത്യുവിനെ 2018 മേയ് ഒൻപതു മുതൽ കാണാതായി. അതിനുശേഷം രോഗാവസ്ഥയിലായ മേരിക്കുട്ടി മൂന്നുവർഷം മുമ്പ് പക്ഷാഘാതം വന്ന് കിടപ്പിലായി.
മേരിക്കുട്ടിയും മക്കളായ റെജിയും സജിയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. അവിവാഹിതരായ സഹോദരങ്ങൾ രണ്ടുപേരും മദ്യപിച്ച് വീട്ടിൽ പതിവായി വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മേരിക്കുട്ടിയെ കാണാൻ മറ്റ് രണ്ട് പെൺമക്കളെ പോലും ഇവർ അനവദിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |