ഗുണഭോക്താക്കൾക്കുള്ള പണം സ്വന്തം അക്കൗണ്ടിൽ: മുൻ വി.ഇ.ഒയ്‌ക്ക് 45 വർഷം കഠിന തടവ്
തിരുവനന്തപുരം: ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട 13.8ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് തട്ടിച്ചെടുത്ത മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് 45 വർഷം കഠിനതടവും 6.35 ലക്ഷം പിഴയും ശിക്ഷ. വിതുര പഞ്ചായത്തിലെ മുൻ വി.ഇ.ഒയും നെട്ടയം സ്വദേശിയുമായ ദിനു.എസ്.ജിക്കാണ് (41) ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ.മനോജിന്റേതാണ് ഉത്തരവ്.
പഞ്ചായത്തിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ നിർവഹണത്തിനായി സർക്കാരിൽ നിന്ന് കിട്ടിയ തുക പിൻവലിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിതുര ഗ്രാമ പഞ്ചായത്തിൽ 2012-2015 കാലയളവിൽ ജോലി ചെയ്യുമ്പോഴാണ് ദിനു തട്ടിപ്പ് നടത്തിയത്. ഓഡിറ്റ് ടീമിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി അക്കൗണ്ട് ബുക്കിൽ തിരുത്തലുകളും ക്രമക്കേടുകളും വരുത്തിയും വ്യാജ രേഖകൾ ചമച്ചും സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് കേസ്. വിജിലൻസ് തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്നാം യൂണിറ്റാണ് കുറ്റപത്രം നൽകിയത്.
സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈ.എസ്.പിയായിരുന്ന ബി.ഉദയകുമാർ,ഇൻസ്‌പെക്ടർമാരായ ബി.അനിൽകുമാർ,എസ്. അനിൽകുമാർ,എച്ച്.അനിൽകുമാർ,വി.എസ്.റിജു എന്നിവർ അന്വേഷിച്ച കേസിൽ എസ്.പി കെ.ഇ.ബൈജുവാണ് കുറ്റപത്രം നൽകിയത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി. അമ്പൂരി പഞ്ചായത്തിൽ വി.ഇ.ഒ ആയിരിക്കെ നടത്തിയ സാമ്പത്തിക തിരിമറിയിൽ 2023ൽ വിജിലൻസ് രജിസ്റ്റർ ചെയ്‌ത മറ്റൊരു കേസിൽ ദിനു ഇപ്പോൾ സസ്‌പെൻഷനിലാണ്.