മലപ്പുറം: ബിജെപി നേതാവ് എംടി രമേശ് തന്നെ വന്ന് കണ്ടുവെന്ന് മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ബീന ജോസഫ്. നിലവിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും ബീനജോസഫ് വ്യക്തമാക്കി. നിലമ്പൂരിൽ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയെ തേടുന്നുവെന്നും എംടി രമേശ്, ബീന ജോസഫുമായി ചർച്ച നടത്തിയെന്നും നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. അതിനിടെയാണ് ബീന ജോസഫ് പ്രതികരണവുമായി എത്തിയത്.
കോൺഗ്രസുകാരിയായി തുടരാനാണ് ആഗ്രഹം. ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിന് ഇറങ്ങും. എന്നാൽ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് കോൺഗ്രസിൽ ചർച്ചയുണ്ടായില്ലെന്ന വിമർശനവും ബീന ജോസഫ് ഉന്നയിച്ചു.
നിലമ്പൂരിൽ നാടകീയ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ബിജെപി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഡിജെഎസിനോട് സ്ഥാനാർത്ഥിയെ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ബിഡിജെഎസും മത്സരിക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ ബിഡിജെഎസിലും രണ്ട് അഭിപ്രായമാണ്. ഇന്നലെ ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. പിന്നാലെ തീരുമാനമെടുക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയോട് യോഗം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയെ തേടുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ബീന ജോസഫ് ശ്രമിച്ചിരുന്നു. എന്നാൽ, പരിഗണിക്കപ്പെട്ടില്ല. മഞ്ചേരിയിൽ എത്തിയാണ് എംടി രമേശ് ബീന ജോസഫിനെ കണ്ടത്. താനൊരിക്കലും പ്രതീക്ഷിക്കാത്ത കൂടിക്കാഴ്‌ചയായിരുന്നു നടന്നതെന്നും ചർച്ചയുടെ ഉള്ളടക്കം പുറത്ത് പറയുന്നത് ശരിയല്ലെന്നും ബീന ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |