കോട്ടൂർ വനമേഖലയിൽ സിവിൽ സപ്ലൈസ് കമ്മിഷണറുടെ സന്ദർശനം

Sunday 17 May 2026 1:52 AM IST

തിരുവനന്തപുരം: ജില്ലയിലെ കോട്ടൂർ വനാന്തര ഭാഗത്തുള്ള ആമല, ആയിരംകാൽ ആദിവാസി ഉന്നതികളിൽ സിവിൽ സപ്ലൈസ് കമ്മീഷണർ ഹിമ. കെയുടെ നേതൃത്വത്തിൽ റേഷനിംഗ് കൺട്രോളർ സി.വി. മോഹൻകുമാർ, ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ സ്മിത ജോർജ്, ജില്ലാ സപ്ലൈ ഓഫീസർ എ.ജെ. മാത്യു, താലൂക്ക് സപ്ലൈ ഓഫീസർ ടി.സി. ജലജകുമാരി എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി പ്രകാരം ഉന്നതികളിൽ നേരിട്ടെത്തി നടത്തുന്ന റേഷൻ വിതരണം സംഘം വിലയിരുത്തി. രണ്ട് കോളനികളിലായി താമസിക്കുന്ന 27 കുടുംബങ്ങളിൽ നിന്ന് സംഘം വിവരശേഖരണം നടത്തി. അവരുടെ വീടുകൾ സന്ദർശിച്ചു.

ഇടുക്കി ജില്ലയിലെ വനാന്തർഭാഗത്തുള്ള ഇടമലക്കുടി റേഷൻ ഡിപ്പോയിലേക്ക് കരുതൽ സംഭരണത്തിനായി അനുവദിച്ച റേഷൻ ഭക്ഷ്യധാന്യങ്ങളിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഡിപ്പോ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ലൈസൻസിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.. ഇതേ തുടർന്ന് കേരളത്തിലെ എല്ലാ ആദിവാസി ഉന്നതികളിലും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി, ആദിവാസി വിഭാഗങ്ങൾക്ക് അനുവദിച്ചിരിക്കുന്ന റേഷൻ പൂർണമായി ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. പരിശോധനകളുടെ ഫോട്ടോയും വീഡിയോയും സഹിതം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.