ഭരണഘടന ഉയർത്തി സന്ദീപ് സൈക്കിളിൽ ചാണ്ടി ഉമ്മൻ

Thursday 21 May 2026 11:42 PM IST

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ശൈലിയിൽ ഭരണഘടന ഉയർത്തിയാണ് തൃക്കരിപ്പൂർ മണ്ഡലം പ്രതിനിധി സന്ദീപ് വാര്യർ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തത്. പ്രതിജ്ഞയ്ക്കുശേഷം അദ്ദേഹം ജയ് ഹിന്ദ്,​ ജയ് സംവിധാൻ എന്നു മുദ്രാവാക്യം വിളിച്ചത് കൗതുകമായി. ബി.ജെ.പി നേതാവായിരുന്ന സന്ദീപ് വാര്യർ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലാണ് കോൺഗ്രസിലെത്തിയത്. ഇടതുമുന്നണിയുടെ കുത്തക സീറ്റും മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മണ്ഡലവുമായ തൃക്കരിപ്പൂരിൽ ആദ്യമായി കോൺഗ്രസിന് ജയം നേടിയെടുത്താണ് അദ്ദേഹം നിയമസഭയിലെത്തിയത്. മുൻ സൈനികൻ കൂടിയായ സന്ദീപ് വാര്യർ ദേശസ്നേഹവും ഭരണഘടനയോടുള്ള കൂറും വ്യക്തമാക്കിയാണ് സത്യവാചകം ചൊല്ലിയത്. ഇംഗ്ളീഷിലായിരുന്നു പ്രതിജ്ഞ. സൈക്കിളിൽ നിയമസഭയിലെത്തി പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനും ശ്രദ്ധേയനായി. ഉമ്മൻ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ടണിഞ്ഞായിരുന്നു വരവ്. കുന്നത്തുനാട് അംഗം വി.പി.സജീന്ദ്രൻ ഗാന്ധിത്തൊപ്പി ധരിച്ചാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. സി.പി.എം വിട്ട് തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ടി.കെ. ഗോവിന്ദൻ സത്യവാചകം ചൊല്ലുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം ചെയ്തു. എന്നാൽ,​ സി.പി.എം വിട്ട് പയ്യന്നൂരിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച വി. കുഞ്ഞികൃഷ്ണൻ ആരോടും പ്രത്യേക മമതയോ വിധേയത്വമോ കാട്ടിയില്ല. ലാളിത്യത്തോടെ എത്തിയ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ സഗൗരവത്തിലായിരുന്നു. സി.പി.എം വിട്ട് മത്സരിച്ചുജയിച്ച ജി. സുധാകരൻ ആയിരുന്നു പ്രോട്ടെം സ്പീക്കർ.