ന്യൂഡൽഹി: നാലു വർഷം കൊണ്ട് രാജ്‌ഭവനെ ഗോവക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയ ശേഷമാണ് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പടിയിറങ്ങുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ 2019ൽ മിസോറാമിലും 2021ൽ ഗോവയിലും ഗവർണർ പദവിയിൽ നിയമിതനായ അദ്ദേഹം തിരിച്ചെത്തുന്നത് രാഷ്‌ട്രീയ ചർച്ചകളും സജീവമാക്കുന്നു.
രാജഭവനിൽ ഒതുങ്ങിക്കൂടുന്ന പതിവുകൾ വിട്ട് പ്രത്യേക ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ 'ഗോവ സമ്പൂർണ യാത്ര' ശ്രീധരൻ പിള്ളയെന്ന ഗവർണറെ വ്യത്യസ്‌തനാക്കി. ഗ്രാമങ്ങളും ചരിത്രമുറങ്ങുന്ന സ്ഥലങ്ങളും മതസ്ഥാപനങ്ങളുമൊക്കെ ചുറ്റിക്കണ്ട് സംസ്ഥാനത്തെ അടുത്തറിഞ്ഞു. യാത്രകളിൽ ജനങ്ങളോട് നേരിട്ട് സംവദിച്ചു. എച്ച്.ഐ.വി വൈറസ് ബാധിതരായ കുട്ടികളുടെ പരിപാടികൾക്ക് അടക്കം രാജ്ഭവൻ വേദിയായി. രാജ്ഭവൻ ലോക്‌ഭവനാക്കുകയായിരുന്നു ലക്ഷ്യമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
ഗവർണർ പദവിയിലെ തിരക്കുകൾ അദ്ദേഹത്തിലെ എഴുത്തുകാരനെ തളർത്തിയില്ല. പുറത്തിറങ്ങിയത് 200ലേറെ പുസ്‌തകങ്ങൾ. കന്നഡ, തെലുങ്ക്, ആസാമീസ്, ഹിന്ദി, കൊങ്കണി, മറാത്തി, ഒഡിയ ഭാഷകളിൽ പരിഭാഷകളും. ഏറ്റവും ഒടുവിലിറങ്ങിയ അടിയന്തരാവസ്ഥയുടെ പിന്നാമ്പുറങ്ങൾ വിവരിക്കുന്ന രണ്ടു പുസ്‌തകങ്ങളുടെ റോയൽറ്റി ഉപയോഗിച്ച് ഗോവയിൽ അന്നദാന പദ്ധതി നടപ്പാക്കി. ഗോവയിൽ നിന്ന് തിരികെ വരുമ്പോൾ എഴുത്തിനൊപ്പം തന്നിലെ അഭിഭാഷകനും ശക്തനാകുമെന്ന് ശ്രീധരൻ പിള്ള സൂചിപ്പിക്കുന്നു. അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വേണ്ടി ഹാജരായിട്ടുണ്ട്. ബി.ജെ.പിക്കാരനെങ്കിലും നിർണായക കേസുകളിൽ സ്‌പെഷൽ പബ്ളിക് പ്രോസിക്യൂട്ടറായി അദ്ദേഹത്തിലെ അഭിഭാഷകനെ ഉപയോഗപ്പെടുത്താൻ എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ മടി കാണിച്ചില്ല.
ആലപ്പുഴ വെൺമണി സ്വദേശിയായ ശ്രീധരൻ പിള്ള എ.ബി.വി.പിയിലൂടെയാണ് രാഷ്‌ട്രീയത്തിലേക്ക് വന്നത്. പിന്നീട് കോഴിക്കോട് കേന്ദ്രമാക്കി ബി.ജെ.പി രാഷ്‌ട്രീയത്തിൽ സജീവം. 2003-2006 കാലത്ത് സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ. 2018ൽ രണ്ടാമൂഴം. 2019ൽ മിസോറാമിന്റെ ഗവർണറായി ചുമതലയേറ്റ ശ്രീധരൻ പിള്ള രണ്ടു വർഷങ്ങൾക്കു ശേഷം ഗോവയിലെത്തി. അവിടെ നാലു വർഷത്തെ മികച്ച പ്രവർത്തനത്തിന് ശേഷം പടിയിറക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |