മലപ്പുറം: കേന്ദ്രം ഓരോ വർഷവും നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കുമ്പോൾ, സംസ്ഥാന സർക്കാർ അവർക്കു നൽകുന്ന പ്രോത്സാഹന ബോണസ് വെട്ടിക്കുറയ്ക്കുന്നു.
ഇതോടെ കേന്ദ്രവിഹിതം വർദ്ധിക്കുന്നത് വഴിയുള്ള അധിക താങ്ങുവിലയുടെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. നാല് വർഷത്തിനിടെ കിലോയ്ക്ക് 3.40 രൂപ സംസ്ഥാന സർക്കാർ ഇത്തരത്തിൽ കുറച്ചു.
ഈ വർഷം സപ്ലൈകോ മുഖേന സംഭരിച്ചപ്പോൾ കിലോയ്ക്ക് 28.20 രൂപയാണ് നൽകിയത്. ഇതിൽ 23 രൂപ കേന്ദ്രവും 5.20 രൂപ സംസ്ഥാനവും നൽകുന്നതാണ് . കഴിഞ്ഞ വർഷം കേന്ദ്രം 21.83 രൂപയും സംസ്ഥാനം 6.37 രൂപയും നൽകിയിരുന്നു. ഈ വർഷം കേന്ദ്രം 1.17 രൂപ വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ ഈ വിഹിതം പ്രോത്സാഹന ബോണസിൽ നിന്ന് കുറയ്ക്കുകയാണ് ചെയ്തത്.
സംഭരണമാരംഭിച്ച 2015-16 കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ നൽകിയിരുന്ന വിഹിതം 7.40 രൂപയായിരുന്നു. 2020-21ൽ 8.80വരെ നൽകിയെങ്കിലും ഇപ്പോൾ 5.20 രൂപയായി കുറഞ്ഞു. ഇക്കാലയളവിൽ കേന്ദ്ര വിഹിതം 14.10 രൂപയിൽ നിന്ന് 22.82 രൂപയായി വർദ്ധിച്ചിട്ടുണ്ട്.
കേരളത്തിലെ ഉത്പാദന ചെലവ് കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് ഏർപ്പെടുത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്ര വിഹിതം മാത്രമേയുള്ളൂ.
കേരളത്തിൽ കൃഷിയും
വിളവും താഴേക്ക്
രണ്ടുവർഷത്തിനിടെ നെല്ല് ഉത്പാദനത്തിൽ 10.5 ശതമാനത്തിന്റെ കുറവുണ്ടായി. 5.3 ലക്ഷം ടണ്ണാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഉത്പാദനം. മുൻവർഷത്തെ അപേക്ഷിച്ച് 62,400 ടണ്ണിന്റെ കുറവ്. ഒരുവർഷം കൊണ്ട് നെൽവയൽ വിസ്തൃതിയിൽ 5.9 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. രാസവളങ്ങളുടെ വില വർദ്ധനവിനെ തുടർന്ന് ഒരുവർഷത്തിനിടെ ഹെക്ടറിന് പതിനായിരം രൂപയിലധികം കൃഷിച്ചെലവ് കൂടി.
വർഷം : താങ്ങുവില ..... കേന്ദ്ര വിഹിതം........സംസ്ഥാന വിഹിതം
2020-21 : .........27.48 ................... 18.68 ...........................8.80
2021-22 :......... 28.00 ....................19.40 ........................... 8.60
2022-23 : .........28.20 ................. 20.40 ............................7.80
2023-24 : .........28.20 .................. 21.83 ........................... 6.37
2024-25 : .........28.20 ................. 21.83 ............................ 6.37
2025-26 :......... 28.20 ................. 23.00 ............................ 5.20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |