
തിരുവനന്തപുരം: 'സ്വപ്നം കണ്ട്, അതിനായി കഠിനാദ്ധ്വാനം ചെയ്താൽ, ആകാശം അകലെയല്ല..." ഇതാണ് ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞൻ എൻ.ജയന്റെ മോട്ടിവേഷൻ. വർഷങ്ങൾക്കുമുമ്പ് ബഹിരാകാശനിലയത്തിൽ അച്ഛനൊപ്പം റോക്കറ്റ് വിക്ഷേപണം അദ്ഭുതത്തോടെ നോക്കിനിന്ന കുട്ടി, ഇന്ന് ആകാശത്തോളം ഉയരമുള്ള നേട്ടത്തിന്റെ നെറുകിലാണ്.
ഇന്ത്യയിലെ ശാസ്ത്രസാങ്കേതിക മേഖലയിലെ മികവിന്, കേന്ദ്രം നൽകുന്ന പരമോന്നത ബഹുമതിയായ വിജ്ഞാൻ ശ്രീ പുരസ്കാരം നേടിയ സന്തോഷത്തിലാണ് തിരുവനന്തപുരം പേരൂർക്കട മണ്ണാമൂല സ്വദേശിയായ ജയൻ. നിലവിൽ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളിന്റെ പ്രോജക്ട് ഡയറക്ടറാണ്.
ജി.എസ്.എൽ.വിയിൽ ഉപയോഗിക്കുന്ന ആദ്യ തദ്ദേശീയ ക്രയോജനിക് എൻജിന്റെ രൂപകല്പനയിലും വികസനത്തിലും നിർണായക പങ്കുവഹിച്ചത് കണക്കിലെടുത്താണ് പുരസ്കാരം. വിക്ഷേപണ വാഹനങ്ങൾക്കായുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റങ്ങളുടെ വികസനത്തിലും പ്രവർത്തിച്ചു. മറ്റ് എൻജിനുകളേക്കാൾ ഒന്നരഇരട്ടി കാര്യക്ഷമമാണ് ക്രയോജെനിക്ക് എൻജിൻ. ജി.എസ്.എൽ.വി എം.കെ 111 റോക്കറ്റിന് കരുത്തേകുന്ന സി.ഇ 20 ക്രയോജനിക് എൻജിൻ വികസിപ്പിച്ച സംഘത്തെയും ജയൻ നയിച്ചിരുന്നു. സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷനിലെ സീനിയർ അക്കൗണ്ട്സ് ഓഫീസറായ ശോഭ ജയനാണ് ഭാര്യ. മക്കൾ: ശ്വേത, സിദ്ധാർത്ഥ്.
വഴികാട്ടിയായി അച്ഛൻ
ജയന്റെ അച്ഛൻ കെ.സി.നാരായണൻ നമ്പൂതിരി വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞനായിരുന്നു. അച്ഛന്റെ കർമ്മമേഖല അദ്ദേഹത്തെ സ്വാധീനിച്ചു. 1991ൽ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ നിന്ന് ഗോൾഡ് മെഡലോടെ ബി- ടെക്ക് പാസി. തുടർന്ന് ഒരു കമ്പനിയിൽ ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ജോലി ലഭിച്ചു. ശേഷം ആറുമാസത്തിനകം ഐ.എസ്.ആർ.ഒയിലെത്തി. ജോലിയിൽ പ്രവേശിച്ച ശേഷം ബംഗളൂരുവിലെ ഐ.ഐ.എസ്.സിയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദത്തിൽ സ്വർണമെഡൽ നേടി. ഐ.എസ്.ആർ.ഒ ചെയർമാൻ എൻ.നാരായണനൊപ്പവും ദീർഘകാലം പ്രവർത്തിച്ചു. എയറോനോട്ടിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ സ്‌പേസ് ഗോൾഡ് മെഡലും ലഭിച്ചിട്ടുണ്ട്.
അനന്തസാദ്ധ്യതകൾ
2047ൽ ഇന്ത്യ വികസിത രാജ്യം എന്ന ലക്ഷ്യത്തിലേയ്ക്ക് എത്താനിരിക്കെ, വരുംതലമുറയ്ക്ക് ബഹിരാകാശ മേഖലയിൽ അനന്തസാദ്ധ്യതകളുണ്ടെന്ന് ജയൻ പറയുന്നു. പല രീതിയിൽ ഐ.എസ്.ആർ.ഒ നിയമനം നടത്താറുണ്ട്. ശാസ്ത്ര- സാങ്കേതികമേഖലയിലെ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ജെ.ഇ.ഇയിലെ റാങ്കിനനുസരിച്ച് അഡ്മിഷൻ ലഭിക്കും. ഇവിടെ നിന്ന് മികച്ച മാർക്കോടെ പഠിച്ചിറങ്ങുന്നവരെ ഐ.എസ്.ആർ.ഒയിലേയ്ക്ക് നേരിട്ട് നിയമിക്കും.
ഐ.എസ്.ആർ.ഒ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് എല്ലാവർഷവും അഖിലേന്ത്യാതലത്തിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടത്താറുണ്ട്. ബി- ടെക്ക് പാസായവർക്ക് അപേക്ഷിക്കാം. എം- ടെക്ക് കഴിഞ്ഞവർക്ക് സ്പെഷ്യൽ പ്രോജക്ടുകളിലും അവസരമുണ്ട്. പ്ലസ്ടുവിനുശേഷം മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഭാഗങ്ങളെടുക്കുന്നവർക്കാണ് അവസരങ്ങളധികവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |