
റായ്പൂർ: സർക്കാർ സ്‌കൂൾ പരിസരങ്ങളിൽ തെരുവുനായ്ക്കൾ, പാമ്പുകൾ, തേളുകൾ എന്നിവയുടെ സാന്നിദ്ധ്യം അദ്ധ്യാപകർ തന്നെ നിരീക്ഷിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിവാദത്തിലായി. ഛത്തീസ്ഗഢ് വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രിൻസിപ്പൽമാർക്കും പ്രധാനാദ്ധ്യാപകർക്കുമാണ് ഡയറക്ടറേറ്റ് ഒഫ് പബ്ലിക് ഇൻസ്ട്രക്ഷൻ ഉത്തരവ് നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് ഭീഷണിയാകുന്ന വിഷജീവികളോ അപകടകരമായ ജീവികളോ സ്‌കൂൾ പരിസരത്തേക്ക് പ്രവേശിക്കുന്നില്ലെന്ന് അദ്ധ്യാപകർ ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഒരു വിദ്യാർത്ഥിക്ക് മൃഗങ്ങളിൽ നിന്ന് പരിക്കേൽക്കുകയോ, പുഴയിലോ കുളത്തിലോ കളിക്കുമ്പോൾ മുങ്ങിപ്പോവുകയോ സ്‌കൂളിലെ കേടുപാടുകൾ സംഭവിച്ച കെട്ടിടത്തിൽ നിന്ന് പരിക്കേൽക്കുകയോ ചെയ്താൽ അതിന് അദ്ധ്യാപകരെയും പ്രാധാനാദ്ധ്യാപകരെയും നേരിട്ട് ഉത്തരവാദിയാക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്നാൽ സർക്കാരിന്റെ നിർദ്ദേശം അശാസ്ത്രീയവും അമിതജോലി ഭാരം നൽകുന്നതാണെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ അദ്ധ്യാപക സംഘടനകൾ ശക്തമായി പ്രതിഷേധിക്കുയാണ്. അദ്ധ്യാപകരുടെ ജീവന് വിലയില്ലേ എന്നാണ് അവർ ചോദിക്കുന്നത്. കുട്ടികളെ പഠിപ്പിക്കൽ, ഉച്ചഭക്ഷണത്തിനുള്ള മേൽനോട്ടം, വിദ്യാർത്ഥികളുടെ മറ്റ് ക്ലറിക്കൽ ജോലികൾ, കെട്ടിടത്തിന്റെ സുരക്ഷ, പരീക്ഷയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ, രക്ഷാകർതൃ സമ്പർക്കം തുടങ്ങിയ ഒട്ടേറെ ജോലികൾക്കിടയിൽ ഇങ്ങനെയൊരു ഉത്തരവ് അധിക ബാദ്ധ്യതയാണെന്ന് അവർ ആരോപിച്ചു.
'കുട്ടികളുടെ സുരക്ഷ പ്രധാനമാണ്. എന്നാൽ വിഷജന്തുക്കളിൽ നിന്ന് അദ്ധ്യാപകരെ ആരാണ് സംരക്ഷിക്കുക? അദ്ധ്യാപകരുടെ ജീവന് വിലയില്ലേ?' – അദ്ധ്യാപക സംഘടന നേതാക്കൾ പ്രതികരിച്ചു. അദ്ധ്യാപകരെ ബഹുമുഖ തൊഴിലാളികളെപ്പോലെ കാണാതെ അവരുടെ തൊഴിലിന്റെ അന്തസ്സ് സർക്കാർ മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |