തൃശൂർ:പോളിടെക്‌നിക് പഠനം പൂർത്തിയാക്കിയവർക്ക് ജോലി ഉറപ്പുവരുത്താൻ സർക്കാർ തലത്തിൽ സംവിധാനം ഒരുങ്ങുകയാണെന്ന് മന്ത്രി ആർ.ബിന്ദു. പോളിടെക്‌നിക്കുകളിൽ നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പും വിജ്ഞാന കേരളവും ചേർന്ന് ഇതിനുള്ള നൈപുണി പരിശീലനപരിപാടി തയാറാക്കി. മുൻവർഷങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെയും പരിഗണിക്കുമെന്നും 75,000 തൊഴിലവസരങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.നവംബർ ഒന്ന് മുതൽ ഏഴ് വരെ തൊഴിലന്വേഷകരായ പൂർവവിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള രജിസ്‌ട്രേഷൻ നടക്കും. നവംബർ ഏഴ് മുതൽ 15 വരെ കരിയർ കൗൺസിലിംഗും സ്‌കിൽ അസെസ്‌മെന്റും നടത്തും.തുടർന്ന് ജില്ലാതല മാപ്പിംഗ് നടത്തും. ക്ലസ്റ്ററുകൾ രൂപീകരിക്കും. 30 പേർ വരെ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം.
ഡിപ്ലോമ യോഗ്യതയുള്ള വീട്ടമ്മമാർക്കായി കുടുംബശ്രീയുമായി സഹകരിച്ച് മൾട്ടി ടാസ്‌ക് സ്‌കിൽ ടീമുകൾക്ക് രൂപം നൽകും.ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി വിവിധതരത്തിലുള്ള സേവനങ്ങൾ അതാതുപ്രദേശത്തെ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും.എൻജിനിയറിംഗ് കോളേജ്,പോളിടെക്‌നിക് എന്നിവിടങ്ങളിൽ നിന്നും വിരമിച്ച അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർക്കാണ് മെന്റർമാരായി പ്രവർത്തിക്കാനാകുകയെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |