'തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, മുതിർന്ന നേതാക്കൾ ഇങ്ങനെ പെരുമാറിയാൽ എന്തുചെയ്യും'; ശിവൻകുട്ടിക്കെതിരെ ആര്യ
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിലെ പരാമർശങ്ങളിൽ മുൻ മന്ത്രി വി ശിവൻകുട്ടിക്കെതിരെ മുൻ മേയർ ആര്യാ രാജേന്ദ്രൻ രംഗത്ത്. ശിവൻകുട്ടി സെക്രട്ടറിയേറ്റിൽ പറഞ്ഞത് തെറ്റായ കാര്യമാണെന്നും തന്നെ തേജോവധം ചെയ്യാൻ ശ്രമിക്കുകയാണെന്നും ആര്യ പറഞ്ഞു. തെറ്റായ പരാമർശങ്ങൾ വാർത്തയായ സാഹചര്യത്തിൽ മാദ്ധ്യമങ്ങളോട് വിശദീകരിക്കുമെന്നാണ് ആര്യ രാജേന്ദ്രന്റെ മറുപടി. മുതിർന്ന നേതാക്കൾ പുതിയ ആൾക്കാരോട് ഇങ്ങനെ പെരുമാറിയാൽ എന്തുചെയ്യുമെന്നും ആര്യ ചോദിച്ചു.
ആര്യയുടെ പ്രവൃത്തികൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചുവെന്നും പ്രചാരണത്തിനിടെ ആര്യയെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചുവെന്നും വി ശിവൻകുട്ടി പറഞ്ഞിരുന്നു. ആയിരത്തിലധികം വോട്ട് പ്രതീക്ഷിച്ച ആര്യയുടെ സ്വന്തം സ്ഥലമായ മുടവൻമുകൾ വാർഡിൽ കിട്ടിയത് വെറും അഞ്ച് വോട്ടിന്റെ ലീഡാണ്. മേയറെന്ന നിലയിൽ ആര്യയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ അവമതിയുണ്ടാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ വൻ പരാജയമുണ്ടായപ്പോൾ ആര്യയെ പിന്തുണച്ച് ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.