വി.ഡി.സതീശനെ പിന്തുണച്ച് വിദേശ വനിത

Thursday 14 May 2026 2:22 AM IST

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി

വിഴിഞ്ഞം: കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ നടക്കുമ്പോൾ ,വി.ഡി.സതീശനെ അനുകൂലിച്ച് വിദേശ വനിത.കോവളത്ത് അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി ഇൽസെ സ്‌ക്രോമാൻ്റേതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് .

'ഞാൻ എന്തുകൊണ്ട് മിസ്റ്റർ സതീശനെ പിന്തുണയ്ക്കുന്നു?.എന്റെ സഹോദരിക്ക് നീതി തേടി ഞാൻ കേരളത്തിലേക്ക് മടങ്ങിയത് 2022ലാണ്.കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു, സാധ്യമായ എല്ലാ വാതിലുകളിലും മുട്ടി.എന്റെ ആവശ്യങ്ങൾ നേരിട്ട് സതീശനോട് പറഞ്ഞു. അദ്ദേഹം ശ്രദ്ധയോടെ,അനുകമ്പയോടെ കേട്ടു,കഴിയുന്നത്ര പിന്തുണയും നൽകി.കേരള രാഷ്ട്രീയം എനിക്ക് മനസ്സിലാകുന്നില്ല, പക്ഷേ ഒരു വ്യക്തിക്ക് ഏതു തരം ഹൃദയമാണുള്ളതെന്ന് തിരിച്ചറിയാൻ കഴിയും.വ്യക്തിപരമായ അനുഭവത്തിൽ നിന്ന്,സതീശൻ ജനങ്ങളോട് ആത്മാർത്ഥ കാണിക്കുന്നുണ്ടെന്ന് എനിക്കറിയാം.അതു കൊണ്ടാണ്, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത് കാണാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നത്'-പോസ്റ്റിൽ പറയുന്നു.

പോത്തൻകോട്ടെ ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതായത്.സഹോദരിക്കൊപ്പം ചികിത്സക്കെത്തിയതായിരുന്നു .ഓട്ടോയിൽ കോവളത്തേക്ക് പോയതാണ്.ഒരു മാസത്തിനു ശേഷം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തെ പൊന്തക്കാടിൽ കണ്ടെത്തി.സഹോദരിയുടെ ഡി.എൻ.എ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്.സംഭവത്തിൽ പ്രദേശവാസികളായ ഉമേഷിനെയും, ഉദയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിദേശയെ വനിതയെ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന പ്രതികള്‍ കഞ്ചാവ് നൽകി ബോധം കെടുത്തിയ ശേഷം മാനഭംഗം ചെയ്ത് കൊന്ന് വള്ളിപ്പടർപ്പുകൾക്കിടയിൽ കെട്ടിത്തൂക്കുകയായിരുന്നു.പ്രതികൾക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.