ഉണ്ണിമായയുടെ അച്ഛൻ...!

Friday 15 May 2026 12:19 AM IST

തിരുവനന്തപുരം: നിലപാടുകളുടെ കാർക്കശ്യക്കാരനും ആരെയും മുഖത്തുനോക്കി എതിർക്കാൻ മടികാട്ടാത്ത നേതാവുമായ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് സ്വന്തം വീട്ടിലൊരു കടുത്ത 'വിമർശക'യുണ്ട്- മകൾ ഉണ്ണിമായ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്ത് ഗവേഷകയായ മകളുടെ വിമർശനമാണ് പല കാര്യങ്ങളിലും സതീശന് 'വഴികാട്ടുന്നത്'.

ജെൻസി തലമുറയെ കൈയിലെടുക്കുന്ന പ്രസംഗങ്ങൾക്ക് കാരണം മകളുമായുള്ള സംവാദമാണ്. തന്റെ കടുത്ത സ്ത്രീപക്ഷ നിലപാടിന് കാരണം ഉണ്ണിമായയാണെന്നും ആൺ-പെൺ എന്നതിനപ്പുറം ലിംഗസമത്വ ചിന്താഗതി ശക്തമാക്കിയതും മകളാണെന്ന് സതീശൻ പറഞ്ഞിട്ടുണ്ട്. സിനിമ, പുസ്തക വായന എന്നിവയിലെല്ലാം സതീശന്റെ വഴികാട്ടി മകളാണ്.

പുതിയ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചുമെല്ലാം പറഞ്ഞുകൊടുക്കും. നല്ല സിനിമകൾ കാണാൻ നിർബന്ധിക്കും. എല്ലാവരെയും ഒരുപോലെ കാണാനും ഇടപെടാനും പ്രചോദനവും മകളാണ്. അച്ഛനുള്ള വിമർശനം ചിലപ്പോൾ തർക്കത്തിലേക്കും ദേഷ്യത്തിലേക്കും കരച്ചിലിലേക്കുമൊക്കെ വഴിമാറാറുണ്ടെന്ന് ഉണ്ണിമായയും മുൻപ് പറഞ്ഞിട്ടുണ്ട്. എന്നാൽ അച്ഛനെപ്പോലെ രാഷ്ട്രീയത്തിലിറങ്ങാൻ ഉണ്ണിമായയ്ക്ക് ഉദ്ദേശ്യമില്ല.

നെട്ടൂരാണ് ജനിച്ചതെങ്കിലും പറവൂരാണ് മണ്ഡലമെങ്കിലും വി.ഡി.സതീശൻ താമസിക്കുന്നത് ആലുവ ദേശത്താണ്. തേവര എസ്.എച്ച് കോളേജിലെ ബിരുദപഠനത്തിനു ശേഷം രാജഗിരി കോളേജിൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. തുടർന്ന് തിരുവനന്തപുരം ലാ അക്കാഡമിയിലേക്ക്. അതുകഴി‍ഞ്ഞ് തിരുവനന്തപുരം ലാ കോളേജിൽ എൽ.എൽ.എം പഠനം. ശേഷം ഹൈക്കോടതിയിൽ അഭിഭാഷകനായി. ആദ്യമായി പെണ്ണുകാണാൻ പോയ ആളെത്തന്നെ വി.ഡി. സതീശൻ ജീവിത പങ്കാളിയുമാക്കി- ആലുവ സ്വദേശി ലക്ഷ്മിപ്രിയ.