ഗവർണറുടെ നയപ്രഖ്യാപനം ; തുറമുഖങ്ങൾ കേന്ദ്രീകരിച്ച് സംയോജിത വികസന പദ്ധതി

Saturday 30 May 2026 12:49 AM IST

അസംഘടിത മേഖലയിലും ആറുമാസത്തെ പ്രസവാവധി സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസം ആർത്തവ അവധി വന്ദേമാതരം ആദ്യഭാഗം ആലപിച്ചു

തിരുവനന്തപുരം: പുതുയുഗ കേരളസൃഷ്ടി ലക്ഷ്യമിടുന്ന യു.ഡി.എഫ് സർക്കാരിനുവേണ്ടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ക്രിയാത്മക നയപ്രഖ്യാപനം. തീരദേശത്തെയും നദികളെയും തടാകങ്ങളെയും നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഉൾപ്പെടുത്തി സംയോജിത വികസന പദ്ധതി പ്രഖ്യാപിച്ചു.

ഭൂനിയമങ്ങളിൽ സമഗ്ര പരിഷ്കരണം. ഇന്ദിരാഗ്യാരന്റിയിൽ ഉൾപ്പെടുത്തിയ കോളേജ് വിദ്യാർത്ഥിനികൾക്കുള്ള 1,000 രൂപ പ്രതിമാസ സഹായം, ക്ഷേമപെൻഷൻ 3,000 ആയി വർദ്ധിപ്പിക്കൽ, 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, യുവജന സംരംഭകർക്ക് അഞ്ചുലക്ഷത്തിന്റെ പലിശരഹിത വായ്പ തുടങ്ങിയവ പ്രഖ്യാപനത്തിലുണ്ട്.

സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസത്തിൽ മൂന്നുദിവസം വരെ ആർത്തവ അവധിയും അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ആറുമാസത്തെ പ്രസവാവധിയും നൽകും. കർഷകരെ സഹായിക്കാൻ ഉപാധികളില്ലാത്ത പട്ടയമെന്ന ആശയത്തിന് രൂപം നൽകും. എല്ലാവർക്കും ഗുണമേന്മയുള്ള കുടിവെള്ളം ഉറപ്പാക്കും. വനം, പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതിനൊപ്പം ഹരിത സൗഹൃദ ഊർജ്ജോത്പാദനത്തിനും പരിഗണനയുണ്ട്.

ഒരുമണിക്കൂറും ഒൻപത് മിനിട്ടും ദീർഘിച്ച പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന് വിമർശനമില്ല.​ സംസ്ഥാനത്തിന് അർഹതപ്പെട്ടത് ചോദിച്ചുവാങ്ങുന്നതിൽ നയപ്രഖ്യാപനത്തിൽ സർക്കാർ മൗനം പാലിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.

ഗവർണർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി സഭയ്ക്കുള്ളിൽ പ്രവേശിച്ച് ചട്ടലംഘനം നടത്തിയത് നയപ്രഖ്യാപനത്തിലെ കല്ലുകടിയായി. നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി നയപ്രഖ്യാപനത്തിന് മുന്നോടിയായി പൊലീസ് ബാൻഡ് സംഘം വന്ദേമാതരം ആലപിച്ചു. തുടക്കത്തിലെ കുറച്ച് വരികൾ ആലപിക്കാനാണ് അനുമതി നൽകിയത്. ഇതിൽ ഗവർണർ അതൃപ്തി പ്രകടമാക്കി.

രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവർണറെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വി.ഡി.സതീശൻ, പാർലമെന്ററികാര്യമന്ത്രി സണ്ണിജോസഫ്, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, നിയമസഭാ സെക്രട്ടറി ഷാജി സി.ബേബി എന്നിവർ ചേർന്ന് സ്വീകരിച്ചു.

സഹകരണ സംഘങ്ങളിലെ

നിക്ഷേപങ്ങൾക്ക് ഗ്യാരന്റി

സഹകരണ സംഘങ്ങളിലെ നിക്ഷേപകർക്ക് നിയന്ത്രണമില്ലാതെ നിക്ഷേപ ഗ്യാരന്റി ഉറപ്പാക്കും

60 വയസിന് മേലുള്ള സാംസ്കാരിക പ്രവർത്തകർക്ക് പെൻഷൻ, ആരോഗ്യ ഇൻഷ്വറൻസ്

പ്ളസ് ടു സീറ്റുകളുടെ എണ്ണം ആവശ്യം വിലയിരുത്തി വർദ്ധിപ്പിക്കും

സഞ്ചരിക്കുന്ന കൂടുതൽ മാവേലി സ്റ്റോറുകൾ

ആശുപത്രികളിലെ സൗകര്യവും മനുഷ്യവിഭവശേഷിയും ശക്തിപ്പെടുത്തും

വ്യവസായങ്ങൾക്ക് ഭൂമി ലഭ്യമാക്കാൻ ലാൻഡ് ബാങ്ക് രൂപീകരിക്കും

വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തത

ബൈപ്പാസുകൾ നാലുവരിയാക്കി വികസിപ്പിക്കും

അനാഥരഹിത സംസ്ഥാനമാക്കാൻ പദ്ധതി

ദേവസ്വം ബോർഡ് നിയമനങ്ങളിൽ പട്ടികജാതി/ ഗോത്രവർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക സംവരണം