കൊച്ചി: നാളികേര ഉദ്പാദനത്തിൽ (വിളവ്) തമിഴ്‌നാടിനെ രാജ്യത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കാനുള്ള കർമ്മപദ്ധതിയുമായി സ്റ്റാലിൻ ഭരണകൂടം. ഇതിന്റെ ഭാഗമായി തെങ്ങുകൃഷി ഒരു ലക്ഷത്തിലധികം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. നൂതനകൃഷിരീതികളും കീടനിയന്ത്രണ മാർഗങ്ങളും സബ്സിഡികളും വ്യാപാരശൃംഖലയുമാണ് തമിഴകത്തിന്റെ കരുത്ത്.
തെങ്ങിൻതോപ്പുകളുടെ വ്യാപ്തിയിലാണ് കേരളം ഒന്നാമതുള്ളത്. നാളികേരവിളവിൽ മൂന്നാമതും ഉദ്പാദനക്ഷമതയിൽ (പ്രൊഡക്ടിവിറ്റി) പത്താമതുമാണ്. അതേസമയം,തമിഴ്നാട് വിളവിൽ രണ്ടാമതും കൃഷിവ്യാപ്തിയിലും ഉദ്പാദനക്ഷമതയിലും മൂന്നാംസ്ഥാനത്തുമാണ്. വിളവിൽ ഒന്നാമത് കർണാടകയാണ്.
തമിഴ്നാട്ടിൽ 4.68ലക്ഷം ഹെക്ടറിലാണ് തെങ്ങുകൃഷി. ഇത് രണ്ടുവർഷംകൊണ്ട് ആറുലക്ഷം ഹെക്ടറാക്കുകയാണ് ലക്ഷ്യം. ഒപ്പം കായ്ഫലമില്ലാത്തതും പ്രായമേറിയതുമായ വൃക്ഷങ്ങൾ വെട്ടിമാറ്റി പുനഃകൃഷിയും പ്രോത്സാഹിപ്പിക്കുന്നു. തൈകൾക്ക് 50% സബ്സിഡിയാണ്. ഡ്രിപ് ഇറിഗേഷൻ സംവിധാനങ്ങൾക്ക് ചെറുകിട-നാമമാത്ര കർഷകർക്ക് 100 ശതമാനവും വൻകിടക്കാർക്ക് 75 ശതമാനവും സബ്സിഡിയുണ്ട്. നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതി സർട്ടിഫിക്കറ്റുകൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് 15,000രൂപവീതം ധനസഹായവും ജൈവ തോട്ടങ്ങളുടെ ക്ലസ്റ്ററിന് ഏക്കറിന് 4,000രൂപവീതം ഇൻസെന്റീവുമുണ്ട്. ഹോർട്ടിക്കൾച്ചർ മിഷൻ പ്രകാരം ഹെക്ടറിന് 10,000രൂപവീതവും കൃഷി പ്രോത്സാഹനത്തിന് നൽകുന്നു.
നാളികേര ഉത്പാദനത്തിൽ കർണാടകയും തമിഴ്നാടും തമ്മിൽ നേരിയ വ്യത്യാസംമേയുള്ളൂ. കർമ്മപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നതോടെ തമിഴകത്തിന് ഉത്പാദനത്തിൽ രാജ്യത്ത് ഒന്നാമതാവാനാകും. കൃഷിമന്ത്രി എം.ആർ.കെ പനീർശെൽവവും നാളികേര വികസനബോർഡ് ഡയറക്ടർ ടി. ബാലസുധഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് പദ്ധതികൾ വിശദീകരിച്ചത്. തമിഴ്നാട് കൃഷിബഡ്ജറ്റ് 45,660 കോടിയാണ്.
വാർഷിക നാളികേര വിളവ്
(ലക്ഷത്തിൽ)
കർണാടക: 61.51
തമിഴ്നാട്: 60.92
കേരളം: 55.22
ഉത്പാദനക്ഷമത (തേങ്ങ/ഹെക്ടർ)
ആന്ധ്ര: 15,899
ബംഗാൾ: 12,790
തമിഴ്നാട്: 12,367
കേരളം(പത്താമത്): 7211
കൃഷിവ്യാപ്തി (ഹെക്ടർ)
കേരളം: 7,65,840
കർണാടക: 5,64,620
തമിഴ്നാട്: 4,68,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |