"ഒപ്പം" നിന്ന് മന്ത്രിയായി
1985ൽ എം.വി.രാഘവനൊപ്പം സി.എം.പി രൂപീകരിച്ചവരിൽ പ്രധാന നേതാവായ സി.പി.ജോൺ 2016ൽ പാർട്ടിയിൽ പിളർപ്പുണ്ടായെങ്കിലും യു.ഡി.എഫിനൊപ്പം ഉറച്ചു നിന്നു. കുന്നംകുളത്ത് നിന്ന് രണ്ട് വട്ടം മത്സരിച്ചപ്പോഴും തോറ്റു. ഇപ്പോൾ അർഹിക്കുന്ന വിജയവും മന്ത്രി പദവിയും തേടിയെത്തി. 2014ൽ എം.വി.രാഘവൻ അന്തരിച്ചതോടെ, സി.എം.പി ജനറൽ സെക്രട്ടറിയായി. എസ്.എഫ്.ഐയുടെ പ്രായം കുറഞ്ഞ സംസ്ഥാന പ്രസിഡന്റായിരുന്നു. രണ്ടുതവണ സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി. 1957 ഏപ്രിൽ 22ന് തൃശൂർ കുന്നംകുളത്ത് സി.ഐ.പൗലോസിന്റെയും റോസയുടെയും മകനായി ജനനം. ഫിസിക്സിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എൽ.എൽ.ബിയും കരസ്ഥമാക്കി. യു.ഡി.എഫിന്റെ നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്നു. സാമ്പത്തിക വിദഗ്ദ്ധനുമാണ്. ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും 9,863 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം. നിരവധി പുസ്തകങ്ങൾ രചിച്ചു. ഭാര്യ: അരുണ വർക്കി. മക്കൾ: അപർണ ജോൺ, അഞ്ജന ജോൺ. മരുമകൻ : ടോം ന്യൂട്ടൺ ലൂയിസ്, ചെറുമകൾ: നിതാര ന്യൂട്ടൺ ലൂയിസ്.