പിതാവിന്റെ വഴിയേ !
കോട്ടയം: ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ മന്ത്രിക്കസേരയിലേക്ക്. സൈക്കിൾ ചവിട്ടിയും പോസ്റ്ററുകൾ ഒഴിവാക്കിയും വ്യത്യസ്ത രീതിയിലുള്ള പ്രചാരണത്തിലൂടെ റെക്കാഡ് ഭൂരിപക്ഷമെന്ന നേട്ടത്തിലാണ് ചാണ്ടിയെ (40) ഇക്കുറി നിയമസഭ വരവേൽക്കുന്നത്. 1986 മാർച്ച് ഒന്നിന് ഉമ്മൻചാണ്ടിയുടെയും മറിയാമ്മ ഉമ്മന്റെയും മകനായാണ് ജനനം. ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെയുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ആദ്യ ജയം. ചരിത്രത്തിൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും ക്രിമിനോളജിയിലും കോൺസ്റ്റിറ്റ്യൂഷണൽ ലോയിലും എൽ.എൽ.എമ്മും നേടി. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സ് സമ്മർ കോഴ്സിൽ പങ്കെടുത്തിട്ടുണ്ട്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ്, എൻ.എസ്.യു തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, കോമൺവെൽത്ത് ഗെയിംസ് ഓർഗനൈസിംഗ് കമ്മിറ്റി അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാൻ, കെ.പി.സി.സി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2016 മുതൽ സുപ്രീം കോടതി അഭിഭാഷകനാണ്. അവിവാഹിതൻ.