കൊച്ചി: മലയോര റെയിൽപാതയുടെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കാലടി റെയിൽവേ സ്റ്റേഷൻ ദുരിതത്തിൽ. പണി പൂർത്തിയായ ഈ റെയിൽവേ സ്റ്റേഷൻ ഏറെക്കുറേ നശിച്ചു. റെയിൽ പാത കടന്നുപോകുന്ന ഇടങ്ങളിലെ ചെറിയ വഴികളെല്ലാം അടഞ്ഞു. പെരിയാറിന് കുറുകേ നിർമിച്ച റെയിൽവേ പാലം ഇന്ന് ലഹരി സംഘങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
റെയിൽവേ സ്റ്റേഷന് ചുറ്റും കാടാണ്. ട്രെയിനൊന്നും ഈ വഴി വരില്ലെങ്കിലും ഇടയ്‌ക്കിടെ സ്‌റ്റേഷനുള്ളിൽ ആളനക്കം കേൾക്കാം. ചുവരിൽ നിറയെ അശ്ലീല വാചകങ്ങൾ എഴുതി വച്ചിരിക്കുകയാണ്. ഇരുട്ടായാൽ പ്രദേശവാസികൾ പോലും ഈ വഴി വരാറില്ല. അങ്കമാലിയിൽ നിന്ന് തുടങ്ങി കാലടിയിലൂടെ കടന്നുപോകുന്ന റെയിൽപാതയായിരുന്നു ഇത്. എന്നാൽ, പത്ത് വർഷത്തിലേറെയായി പാതയുടെ നിർമാണപ്രവർത്തനങ്ങൾ കാലടിയിൽ തന്നെ നിൽക്കുകയാണ്.
റെയിൽവേ പാളം നിരത്തിയ സ്ഥലങ്ങളിലെല്ലാം ചെറിയ വഴികളുണ്ടായിരുന്നു. കാലടി സ്‌റ്റേഷൻ പിന്നിടുന്ന ട്രെയിനിന് കടന്നുപോകാനായി ഒരു പാലവും നിർമിച്ചിട്ടുണ്ട്. പാലത്തിന്റെ ബോർഡിന് മുകളിൽ ചിലർ ലഹരി വിരുദ്ധ സന്ദേശമുള്ള ബാനർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ലഹരി സംഘത്തിന്റെ താവളം തന്നെ ഇതിനരികിലാണ്. വർഷങ്ങളോളം സമരം ചെയ്‌തും നിയമനടപടികൾ സ്വീകരിച്ചുമാണ് റെയിൽവേ സ്‌റ്റേഷൻ നിർമാണത്തിന്റെ ഭാഗമായി ഭൂമി നഷ്‌ടപ്പെട്ടവർക്ക് നഷ്‌ടപരിഹാരം ലഭിച്ചത്. ഈ പാത എന്ന് പൂർത്തീകരിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ മുഴുവൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |