പാലക്കാട്: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഘ സുബ്രഹ്മണ്യനെയാണ് (25) ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ നേഘയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ആലത്തൂർ പൊലീസാണ് ഭർത്താവ് പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ യുവതിയുടേത് തൂങ്ങി മരണമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ആറുവർഷം മുമ്പായിരുന്നു നേഘയുടെയും പ്രദീപിന്റെയും വിവാഹം.
കഴിഞ്ഞ ദിവസം രാത്രി 12.30നായിരുന്നു സംഭവം. ഭർത്താവിനും രണ്ടര വയസുള്ള മകൾക്കുമൊപ്പമാണ് നേഘ ഉറങ്ങാൻ കിടന്നത്. രാത്രി കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്നപ്പോൾ നേഘ നിലത്തു കിടക്കുന്നത് കണ്ടെന്നാണ് പ്രദീപ് പൊലീസിന് മൊഴി നൽകിയത്. സമീപത്ത് കയറുമുണ്ടായിരുന്നു. രക്ഷിതാക്കളെ വിളിച്ച് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.
കഴുത്തിൽ പാട് കണ്ടെതോടെയാണ് നേഘയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. കണ്ണമ്പ്ര കാരപൊറ്റ കുന്നമ്പുള്ളിയിൽ വിമുക്തഭടൻ സുബ്രഹ്മണ്യന്റെയും ജയന്തിയുടെയും മകളാണ് നേഘ. പ്രവാസിയായിരുന്ന പ്രദീപ് ഇപ്പോൾ കോയമ്പത്തൂരിലെ ചെരുപ്പ് കടയിൽ ജീവനക്കാരനാണ്. ആഴ്ചയിലൊരിക്കൽ ഇയാൾ വീട്ടിൽ വരുമ്പോൾ നേഘയെ മർദ്ദിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം നേഘയുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകി. വടക്കഞ്ചേരി കാരപ്പൊറ്റയിലെ വീട്ടിൽ സംസ്‌കരിച്ചു. നേഘയുടെ സഹോദരങ്ങൾ: രേഖ,മേഘ.
കൊന്നതാണെന്ന് കുടുംബം
നേഘയെ കൊന്നതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. നേഘയെ മുമ്പും പ്രദീപ് ഉപദ്രവിച്ചിരുന്നെന്ന് അമ്മ ജയന്തി പറഞ്ഞു. തന്റെ മകൾ ആത്മഹത്യ ചെയ്യില്ല. കഴിഞ്ഞദിവസം രാത്രി 10.30ന് അവൾ വിളിച്ചിരുന്നു. പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ല. രാത്രി വൈകി പ്രദീപാണ് ഫോൺ വിളിച്ച് നേഘ കുഴഞ്ഞുവീണെന്ന് പറഞ്ഞതെന്നും ജയന്തി പറഞ്ഞു. സംഭവം വിശദമായി അന്വേഷിക്കണമെന്നും പ്രദീപിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നേഘയുടെ ബന്ധുക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |