പീരുമേട് (ഇടുക്കി): വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മയുടെ മരണം കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പൊലീസ്. പീരുമേട് പ്ലാക്കത്തടം ഊരിലെ സീതയുടെ (42) മരണം നരഹത്യയാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസ് തള്ളി. റിപ്പോർട്ട് കോടതിയിൽ ഉടൻ സമർപ്പിക്കും.
ഭർത്താവ് ബിനുവിനും രണ്ടു മക്കൾക്കുമൊപ്പം ജൂൺ 13നാണ് സീത മീൻമുട്ടി വനത്തിലെത്തിയത്. സീതയെ കാട്ടാന ആക്രമിച്ചതാണെന്ന് ഭർത്താവും മക്കളും വ്യക്തമാക്കിയിരുന്നു. എന്നാൽ നരഹത്യയാണെന്നായിരുന്നു പോസ്റ്റുമോർട്ടം ചെയ്ത പീരുമേട് താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ആദർശ് രാധാകൃഷ്ണന്റെ കണ്ടെത്തൽ. മൃതദേഹത്തിൽ മൽപ്പിടിത്തത്തിന്റെ പാടുണ്ടെന്നും, തല പലതവണ മരമോ കല്ലോ പോലുള്ള പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെ ലക്ഷണമുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മരണത്തിൽ സംശയമുണ്ടെന്ന് കോട്ടയം ഡി.എഫ്.ഒയും കൊലപാതകമാണെന്ന് വനംമന്ത്രിയും പറഞ്ഞതോടെ ബിനു സംശയ നിഴലിലായി. ബിനു കസ്റ്റഡിയിലാണെന്നും വാർത്ത പ്രചരിച്ചു.
തുടർന്ന് പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ രണ്ട് എസ്.എച്ച്.ഒമാരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജൂൺ 16ന് സംഭവ സ്ഥലത്ത് പൊലീസ്, വനം, ഫോറൻസിക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്ന കഴുത്തിലെ പരിക്ക് സീതയെ താങ്ങിപ്പിടിച്ച് കൊണ്ടുവന്നപ്പോൾ പറ്റിയതാണെന്നും പൊലീസ് വ്യക്തമാക്കി. കാട്ടാന ആക്രമണത്തിലാണ് വാരിയെല്ല് ഒടിഞ്ഞത്. തുടർന്ന് സീതയെ എടുത്തുകൊണ്ടു വന്നപ്പോൾ ഈ പരിക്ക് ഗുരുതരമായെന്നും പൊലീസ് വ്യക്തമാക്കി.
ഡോ. ആദർശിനെതിരെ നടപടി വരും
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോ. ആദർശ് രാധാകൃഷ്ണനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുക്കും. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും നൽകാതെ മരണം കൊലപാതകമാണെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായപ്പോൾ അനധികൃത അവധിയിൽ പോയ ആദർശ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് സമർപ്പിച്ചത്. തുടർന്നും ഇയാൾ അനധികൃത അവധിയിൽ പോയി. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പീരുമേട് ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിട്ടും ഇയാൾ ഹാജരായില്ല.
'ഞാൻ കൊന്നതാണെന്ന തരത്തിൽ വാർത്ത വന്നപ്പോൾ വലിയ വിഷമമായി. വൈകിയാണെങ്കിലും സത്യം പുറത്തുവന്നതിൽ സന്തോഷം. ഇളയ കുട്ടി ഇപ്പോഴും സ്‌കൂളിൽ പോയി തുടങ്ങിയിട്ടില്ല".
-ബിനു, സീതയുടെ ഭർത്താവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |