പി.ജെ.ജോസഫിന്റെ മകൻ അപു പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ
□ കേരള കോൺഗ്രസിൽ മക്കൾ രാഷ്ട്രീയം വീണ്ടും
കോട്ടയം : കേരള കോൺഗ്രസ് സ്റ്റേറ്റ് ചീഫ് കോ-ഓർഡിനേറ്ററായി അപു ജോൺ ജോസഫിനെ നിയമിച്ചു. പാർട്ടി ചെയർമാൻ പി.ജെ.ജോസഫിന്റെ മകൻ അപുവിനെ നേതൃനിരയിലേക്ക് കൊണ്ടുവരാനായി പാർട്ടി ഭരണഘടനയിൽ ഇല്ലാത്ത തസ്തിക സൃഷ്ടിക്കുകയായിരുന്നു. ജോസഫിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ കോട്ടയത്ത് ചേർന്ന ഹൈപവർ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
അതേസമയം, ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനായി കെ.എം.മാണിയുടെ മരുമകൻ എം.പി ജോസഫിനെ തിരഞ്ഞെടുത്തു. റെജി ചെറിയാൻ, തോമസ് എം.മാത്തുണ്ണി, മോഹനൻ പിള്ള, അഡ്വ. ജോസഫ് ജോൺ ജോസഫ് മുള്ളൻമട എന്നിവരാണ് മറ്റ് വൈസ്ചെയർമാന്മാർ. ടി.യു.കുരുവിളയെ ഡെപ്യൂട്ടി ചെയർമാനാക്കി.
കെ.എം. മാണിയുടെ മകൻ ജോസ് കെ.മാണി, ടി.എം.ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്, ബാലകൃഷ്ണപിള്ളയുടെ മകൻ ഗണേഷ്‌കുമാർ,പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ്, കെ.എം.ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് എന്നിങ്ങനെ കേരള കോൺഗ്രസ് മക്കൾ രാഷ്ട്രീയ നിരയിലേക്കാണ് അപുവും എത്തുന്നത്. പി.സി തോമസ് വർക്കിംഗ് ചെയർമാനായതോടെ രണ്ടാമനെ ചൊല്ലി തർക്കമായതോടെയാണ് എക്സിക്യുട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെ നിയമിച്ചത്. ഫ്രാൻസിസ് ജോർജ് വർക്കിംഗ് ചെയർമാനുമായി. ഇവർക്ക് പുറമെ അഞ്ചാമനായാണ് അപു എത്തുന്നതെങ്കിലും ജോസഫിന്റെ പിൻഗാമിയെന്ന നിലയിൽ രണ്ടാമനായി മാറും.
തൊടുപുഴയിൽ
സ്ഥാനാർത്ഥിയായേക്കും
അനാരോഗ്യം അലട്ടുന്ന ജോസഫ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മാറി നിന്ന് അപുവിനെ തൊടുപുഴയിൽ സ്ഥാനാർത്ഥിയാക്കിയേക്കും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡിഎഫിന്റെ ഉറച്ച കോട്ടയായ തിരുവമ്പാടിയിൽ അപുവിനെ നിറുത്താൻ ആലോചന നടന്നെങ്കിലും ലീഗ് സീറ്റ് വിട്ടുകൊടുത്തില്ല.