കോഴിക്കോട്: 'എന്റെ മോള് പോയില്ലേ, കാത്തിരുന്നപ്പോഴൊന്നും കിട്ടിയില്ല. അവസാനം നിയമനം ലഭിച്ചപ്പോൾ അത് സ്വീകരിക്കേണ്ടവളില്ല. ഇനി ആർക്ക് വേണ്ടിയാണ്" - നിയമനം സ്ഥിരപ്പെടാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത അലീനയുടെ പിതാവ് ബെന്നിയുടെ ശബദമിടറി. ചുവപ്പുനാടയുടെ കുരുക്കഴിഞ്ഞ് എൽ.പി.എസ്.ടിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വന്നപ്പോൾ അലീന മരിച്ച് 24 ദിവസം പിന്നിട്ടു. നിയമനത്തിനായി കാത്തിരുന്ന് പ്രതീക്ഷയറ്റ കോടഞ്ചേരി കട്ടിപ്പാറ വളവനാനിക്കലിലെ അലീന ബെന്നി (30) ഫെബ്രുവരി 19നാണ് ആത്മഹത്യ ചെയ്തത്. താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനുകീഴിലെ സെയ്ന്റ് ജോസഫ് എൽ.പി സ്കൂളിൽ ശമ്പളമോ, നിയമനാംഗീകാരമോ ഇല്ലാതെ അഞ്ച് വർഷമാണ് അലീന ജോലി ചെയ്തത്. ഇതിനിടെ ഒരു രൂപപോലും ശമ്പളമായി ലഭിച്ചില്ല. ആ മനോവിഷമമാണ് അലീനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബെന്നി ആരോപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ 15ന് അലീനയുടെ നിയമനത്തിന് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നൽകി. കഴിഞ്ഞ ദിവസം നിയമന ഉത്തരവ് വെബ്സെെറ്റിൽ പ്രസിദ്ധീകരിച്ചു.14 ന് താമരശ്ശേരി എ.ഇ.ഒ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ബെന്നി അലീനയുടെ സർട്ടിഫിക്കറ്റുകളുമായി അവിടെ പോയിരുന്നു. എന്നാൽ നിയമനം സംബന്ധിച്ച കാര്യങ്ങൾക്കാണെന്ന് അറിയില്ലായിരുന്നെന്ന് ബെന്നി പറയുന്നു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുള്ളതിനാൽ ദിവസവേതനാടിസ്ഥാനത്തിലാണ് അലീനയുടെ നിയമനം. ദിവസം 995 രൂപ ലഭിക്കും. 2024 ജൂൺ അഞ്ച് മുതൽ മരണം സംഭവിച്ച കഴിഞ്ഞ ഫെബ്രുവരി 19 വരെയുള്ള വേതനവും അനുബന്ധ ആനുകൂല്യങ്ങളും മാത്രമാണ് അലീനയുടെ കുടുംബത്തിന് ലഭിക്കുക. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ.പി സ്‌കൂളിൽ ജോലി ചെയ്തതിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |