രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ല
കൊച്ചി: പുറംകടലിൽ മുങ്ങിയ കപ്പലിൽ നിന്ന് ഗുരുതരമായ രാസമാലിന്യം വെള്ളത്തിൽ കലർന്നതായി കണ്ടെത്താത്ത സാഹചര്യത്തിൽ, മീൻ കഴിക്കുന്നതിൽ ഭയാശങ്ക വേണ്ടെന്ന് ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി.മധുസൂദനക്കുറുപ്പ് കേരളകൗമുദിയോട് പറഞ്ഞു. മീനിൽ രാസവസ്‌തു കലരുന്ന സാഹചര്യമില്ല. തീരത്തടിഞ്ഞ കണ്ടെയ്‌നറുകളിൽ രാസവസ്‌തുക്കളുടെ അംശം കണ്ടെത്തിയിട്ടില്ല. ഇതുവരെ രാസവസ്‌തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് തറപ്പിച്ചുപറയാം. കലർന്നിരുന്നെങ്കിൽ 24 മണിക്കൂറിനകം കൂട്ടമത്സ്യക്കുരുതി സംഭവിച്ചേനെ. കടലിൽ മത്സ്യങ്ങൾ ചത്തതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ജൂൺ ഒമ്പതിന് ട്രോളിംഗ് നിരോധനം ആരംഭിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് മീൻപിടിക്കാൻ അവകാശമുള്ളത്. അവർ മീൻ പിടിക്കുന്നത് തടയേണ്ടതില്ല. പരമ്പരാഗത രീതിയിൽ പിടിക്കുന്ന മീനിന് നല്ല വില ലഭിക്കും. അവരുടെ കടബാദ്ധ്യതകൾ തീർക്കാൻ കഴിയുന്ന കാലമാണ്. അത് തടഞ്ഞാൽ സാമ്പത്തികമായി തകർന്നുപോകും.
രാസവസ്‌തു കലർന്നാൽ ദുരന്തം
രാസവസ്‌തുക്കളുള്ള കണ്ടെയ്‌നറുകൾ കപ്പലിൽത്തന്നെയാണെന്ന് അനുമാനിക്കാം. അവ ഉയർത്തിയെടുത്താൽ അപകടസാദ്ധ്യത ഒഴിവാക്കാം. രാസവസ്‌തുക്കൾ കടലിൽ കലർന്നാൽ ദീർഘകാല പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകും. പെട്രോളിയം ഉത്പന്നങ്ങൾ, അവ ജലവുമായി ചേരുമ്പോഴുണ്ടാകുന്ന ആരോമാറ്റിക് ഹൈഡ്രോ കാർബൺ പോലുള്ള ഉപോത്പന്നങ്ങൾ എന്നിവ കടലിന്റെ അടിത്തട്ടിലെ ജൈവവ്യവസ്ഥയെ തകരാറിലാക്കും. ചെറുജീവികൾ, ലാർവകൾ, മുട്ടകൾ തുടങ്ങിയവ നശിക്കും. മത്സ്യങ്ങളുടെ പ്രജനനത്തെയും ബാധിക്കും. കടൽ സമ്പത്തിന്റെ ഏറ്റവും നിർണായകവും പ്രധാനവുമായ അടിത്തട്ടിൽ രാസവസ്‌തുക്കൾ കലരാതിരിക്കാൻ നടപടികൾ ആവശ്യമാണെന്നും ഡോ. മധുസൂദനക്കുറുപ്പ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |