മലപ്പുറം: നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണയിലൂടെ യു.ഡി.എഫ് കണ്ണു വയ്ക്കുന്നത് മുസ്‌ലിം വോട്ടുകളുടെ ഏകീകരണം.പി.ഡി.പി പിന്തുണ
വഴി ഇതിന് പ്രതിരോധം തീർക്കാൻ എൽ.ഡി.എഫും.
മണ്ഡലത്തിൽ രണ്ടായിരത്തോളം വോട്ടേ വെൽഫെയർ പാർട്ടിക്കും ജമാഅത്തെ ഇസ്‌ലാമിക്കുമുള്ളൂ. എന്നാൽ മുസ്‌ലിം സമുദായത്തിനിടയിൽ പൊതുവികാരം സൃഷ്ടിക്കാനുള്ള സംഘടനാ പാടവവും തന്ത്രങ്ങളും, ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലെ മാദ്ധ്യമങ്ങളുടെ പിന്തുണയും ഗുണകരമാവുമെന്ന് യു.ഡി.എഫ് കണക്കു കൂട്ടുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിന് വെൽഫെയർ പാർട്ടിയുടെ അണിയറ നീക്കങ്ങൾ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.അതേ സമയം,
പി.ഡി.പിയും ജമാ അത്തെ ഇസ്ലാമിയും ഒരു പോലെയല്ലെന്നും,പി.ഡി.പി പീഡിപ്പിക്കപ്പെട്ട വിഭാഗമാണെന്നുമാണ് സി.പി.എമ്മിന്റെ വിശദീകരണം.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മലബാറിൽ യു.ഡി.എഫുമായി അപ്രഖ്യാപിത കൂട്ടുകെട്ടാണ് വെൽഫെയർ പാർട്ടി ലക്ഷ്യമിടുന്നത്. വർഗീയ കക്ഷികളുമായി ചേരുന്നെന്ന സി.പി.എമ്മിന്റെ ആരോപണം ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലത്തിൽ തിരിച്ചടിയാവില്ലെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. ഭൂരിപക്ഷ വോട്ടുകളിൽ ചോർച്ച ഉണ്ടാവാതിരിക്കാൻ സൂക്ഷ്മത പുലർത്തും. വിഷയത്തിൽ അനുകൂലമായോ പ്രതികൂലമായോ നിലപാടെടുക്കേണ്ടെന്ന തീരുമാനത്തിലാണ് മുസ്‌ലിം ലീഗ്. പി.ഡി.പി നേതാവ് മ്അദനിയുടെ പൂർവ്വകാലം ഓർമ്മപ്പെടുത്തി സി.പി.എമ്മിനെ പ്രതിരോധിക്കുകയാണ് കോൺഗ്രസ്. എന്നാൽ,മത രാഷ്ട്ര വാദം ഉയർത്തുന്നവരാണ് ജമാ അത്തെ ഇസ്ലാമിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മ്അദനി തെറ്റായ മുൻനിലപാടുകൾ തിരുത്തി മതനിരപേക്ഷ നിലപാട് സ്വീകരിച്ചാണ് പിന്തുണ നൽകിയതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജും പറഞ്ഞു.
പിന്തുണയെച്ചൊല്ലി
വാഗ്വാദം
വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ ആര്യാടൻ ഷൗക്കത്തിന്
തന്റേടമുണ്ടോയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം വെല്ലുവിളിച്ചു.
സി.പി.എമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടിയും,
യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ വർഗീയ പാർട്ടിയുമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. നിലമ്പൂരിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ധാരണയായെന്നും ആരോപിച്ചു. യു.ഡി.എഫ് മുന്നണിയായാണ് നിലമ്പൂരിൽ മത്സരിക്കുന്നതെന്നും, പുറത്തു നിന്ന് ആര് പിന്തുണ നൽകിയാലും അത് അവരുടേതായ കാരണത്താലാണെന്നും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |