കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ആർ.നായരുടെ (40) മൃതദേഹം തിരിച്ചറിയുന്നതിനുള്ള ഡി.എൻ.എ പരിശോധനയ്ക്കായി ഇളയ സഹോദരൻ രതീഷ് ജി. നായരും ബന്ധു ആർ. ഉണ്ണികൃഷ്ണനും അഹമ്മദാബാദിലേക്ക് തിരിച്ചു. രതീഷിൽ നിന്ന് ശേഖരിക്കുന്ന ഡി.എൻ.എ സാമ്പിൾ, മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുമായി പരിശോധിച്ച ശേഷമേ തിരിച്ചറിയാനാവൂ. രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞാലുടൻ നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
അഹമ്മദാബാദ് മലയാളി സമാജം പ്രവർത്തകരും ബന്ധുക്കളെ സഹായിക്കാനുണ്ടാകും. യു.കെയിൽ നഴ്സായിരുന്ന പുല്ലാട് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത നാട്ടിൽ ആരോഗ്യവകുപ്പിൽ ലഭിച്ച ജോലി തുടരാനിരിക്കെയാണ് മരണം. അതിനാവശ്യമായ രേഖകൾ നൽകാനാണ് ശനിയാഴ്ച നാട്ടിലെത്തിയത്. തിരികെ യു.കെയിലേക്ക് പോകാനാണ് കൊച്ചിയിൽ നിന്ന് വിമാനം കയറിയത്. രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ഇന്നലെ രഞ്ജിതയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
രഞ്ജിതയുടെ കുടുംബത്തിന്
സഹായം ഉറപ്പാക്കും: മന്ത്രി
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത.ജി.നായരുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വീണാജോർജ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയതായിരുന്നു മന്ത്രി. മൃതദേഹം കാലതാമസമില്ലാതെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വിമാനാപകടം ദേശീയ ദുരന്തം:
രാജീവ് ചന്ദ്രശേഖർ
കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടം ദേശീയ ദുരന്തമായാണ് ഭാരതത്തിലെ ജനങ്ങൾ കണക്കാക്കുന്നതെന്ന് ബി.ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങൾക്കൊപ്പം ബി.ജെ.പി ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണ മേനോൻ,പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ സൂരജ് എന്നിവരും ഒപ്പമുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |