
തിരുവനന്തപുരം: ലോക സിനിമയുടെ ജാലകം തുറന്ന് 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തലസ്ഥാനത്ത് തുടക്കമാകും. 16 തിയേറ്ററുകളിലായി 19 വരെ നടക്കുന്ന മേളയിൽ 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ ഡെലിഗേറ്റുകളുടെ മുന്നിലെത്തും.
ആൻമേരി ജാസിർ സംവിധാനം ചെയ്ത 'പാലസ്തീൻ 36" ആണ് ഉദ്ഘാടന ചിത്രം. 1936ലെ പാലസ്തീൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയതാണ് ഈ ചരിത്ര സിനിമ. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകും. അദ്ദേഹത്തിന്റെ 'ടിംബുക്തു", 'ബ്ലാക്ക് ടീ" തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങൾ 'ദ ഗ്ലോബൽ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേർണി" എന്ന പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കും.
ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളായ 'കെയ്‌റോ സ്റ്റേഷൻ", 'അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ", 'ദി അദർ" എന്നിവ ഉൾപ്പെടുത്തി റിട്രോസ്‌പെക്ടിവ് വിഭാഗം ഒരുക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള 57 സിനിമകളുൾപ്പെടുന്ന ലോക സിനിമ വിഭാഗമാണ് മറ്റൊരു പ്രധാന കാഴ്ച വിരുന്ന്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ സുവർണ്ണചകോരം, രജതചകോരം പുരസ്‌കാരങ്ങൾക്കായി മത്സരിക്കും. മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന് എന്നീ വിഭാഗങ്ങൾ സമകാലിക സിനിമയുടെ പുതിയ പാഠങ്ങൾ സമ്മാനിക്കും.
ആദ്യ ഡെലിഗേറ്റായി ലിജോ മോൾ
ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ഇന്ന് രാവിലെ 11ന് ടാഗോറിൽ ആരംഭിക്കും. ചലച്ചിത്ര താരം ലിജോമോൾ ജോസ് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങും. 2024ൽ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലിജോമോൾക്കായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |