തിരുവനന്തപുരം: ഡിജിറ്റൽ റീ സർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂമി രജിസ്‌ട്രേഷനു മുൻപു തന്നെ അംഗീകൃത സ്‌കെച്ചും രേഖകളും ആധാരത്തിന്റെ ഭാഗമാക്കും. ഭൂമി കൈമാറ്റത്തിലെ കബളിപ്പിക്കൽ ഒഴിവാക്കാനാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
റവന്യൂ, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ പോർട്ടലുകൾ ഏകോപിപ്പിച്ച് എന്റെ ഭൂമി എന്ന ഒറ്റ പോർട്ടൽ രൂപീകരിച്ചു. ഇതോടെ ഇ-ഗവേണൻസിൽ കേരളം മാതൃക സൃഷ്ടിച്ചു. ഡിജിറ്റൽ റീസർവേ ദേശീയ കോൺക്ലേവിന്റെ പ്രതിനിധി സെഷൻ കോവളം ഉദയസമുദ്ര ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭൂപരിഷ്‌ക്കരണ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമില്ല. കേരളത്തിന്റെ സാമൂഹികമാറ്റത്തിന് അടിത്തറ പാകിയത് ഭൂപരിഷ്‌കരണ നിയമമാണ്. കാലോചിതമായ മാറ്റങ്ങൾ നേരത്തേ വരുത്തിയിട്ടുണ്ട്. നമ്മളെ മാതൃകയാക്കി മറ്റുപല സംസ്ഥാനങ്ങളും ഭൂപരിഷ്‌കരണം നടപ്പിലാക്കി. കേരളം ഭൂപരിധിയിൽ മാറ്റംവരുത്താൻ പോകുന്നെന്ന പ്രചാരണം ശരിയല്ല.
വിപ്ളവകരമായ മാറ്റമാണ് ഡിജിറ്റൽ റീ സർവേ. ഇതിലൂടെ കൃത്യതയോടെ ഭൂരേഖ തയ്യാറാക്കാനും അതിർത്തി തർക്കക്കേസുകൾ ഒഴിവാക്കാനുമാകുമെന്ന് മന്ത്രി രാജൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര ലാൻഡ് ആൻഡ് റിസോഴ്സ് വകുപ്പ് സെക്രട്ടറി മനോജ് ജോഷി അദ്ധ്യക്ഷത വഹിച്ചു. ഹിമാചൽ പ്രദേശ് റവന്യൂ മന്ത്രി ജയ്സിംഗ് നേഹി മുഖ്യാതിഥിയായി. ലാൻസ് റവന്യൂ കമ്മിഷണർ കെ. മുഹമ്മദ് വൈ. സെയ്ഫുള്ള സ്വാഗതവും റവന്യൂ ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |