
ആലുവ: ആലുവ സ്വദേശിയായ 89കാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് കോടതിയുടെ വ്യാജ അറസ്റ്റ് വാറന്റ് വീഡിയോ കോളിലൂടെ കാണിച്ച് 1.2 കോടിരൂപ തട്ടി. സംഭവവുമായി ബന്ധപ്പെട്ട് ആലുവ യു.സി കോളേജ് സ്വദേശിയുടെ പരാതിയിൽ റൂറൽ ജില്ലാ സൈബർ പൊലീസ് കേസെടുത്തു.
പരാതിക്കാരന്റെ പേരിൽ മുംബയ് കനറാബാങ്ക് ശാഖയിലുള്ള അക്കൗണ്ടിലേക്ക് ഉത്തർപ്രദേശിലെ മനുഷ്യക്കടത്ത് കേസിലെ പ്രതി സദാഖത്ത് 75 ലക്ഷംരൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സി.ബി.ഐ ഓഫീസർ ദയാ നായക് എന്ന് പരിചയപ്പെടുത്തി വിളിച്ചയാളാണ് പണം തട്ടിയെടുത്തത്. കേസിൽ സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ചു. കഴിഞ്ഞമാസം എട്ട് തവണയായി ബാങ്ക് ഒഫ് ഇന്ത്യ, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക് ശാഖകളിൽ പരാതിക്കാരന്റെയും ഭാര്യയുടെയും മകളുടെയും പേരിലുള്ള മൂന്ന് ജോയിന്റ് അക്കൗണ്ടുകളിൽ നിന്നാണ് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് തുകമാറ്റിയത്.
നേരത്തെ ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യയുടെ ലീഗൽ അഡ്വൈസർ എന്ന പേരിൽ രഞ്ജിത്ത് എന്നയാൾ ബംഗളൂരു ഗാന്ധിനഗർ പൊലീസിൽ പരാതിക്കാരനെതിരെ ലൈംഗിക ദുരുപയോഗ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞും വിളിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |