ഇന്ന് തുറന്നേക്കും
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തിയത് രാത്രി 10ഓടെയായതിനാൽ സ്പിൽവേ ഷട്ടറുകൾ ഇന്നലെ തുറന്നില്ല. ഇന്ന് രാവിലെയോടെ 136 അടി കഴിഞ്ഞുള്ള അധികജലം ഷട്ടറുകൾ ഉയർത്തി പെരിയാറിലേക്ക് ഒഴുക്കും. ഷട്ടറുകൾ പകൽ സമയത്ത് മാത്രമേ തുറക്കാവൂവെന്ന് ഇടുക്കി ജില്ലാകളക്ടർ വി.വിഗ്‌നേശ്വരി തമിഴ്നാടിനോട് അഭ്യർത്ഥിച്ചിരുന്നു. മുൻവർഷങ്ങളിൽ തമിഴ്നാട് ഇത് പാലിച്ചിരുന്നില്ല.
ജലനിരപ്പ് 136 അടിയാകുമ്പോൾ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ചിരുന്നതിനാൽ പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു. 20ലധികം ക്യാമ്പുകൾ ഒരുക്കിക്കഴിഞ്ഞു. പെരിയാറിൽ കാര്യമായി ജലനിരപ്പുയരാത്തതിനാൽ ആശങ്കയില്ല. വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ നീരൊഴുക്ക് സെക്കൻഡിൽ 3,867 ഘനയടിയായി കുറഞ്ഞു. പെൻസ്റ്റോക്ക് പൈപ്പ് വഴി സെക്കൻഡിൽ 2,117 ഘനയടി ജലം തമിഴ്നാട്ടിലെ വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇതുകൂടാതെ ഇരച്ചിൽ പാലത്തിലൂടെയും തമിഴ്നാട് ജലം കൊണ്ടുപോകുന്നുണ്ട്. റൂൾകർവ് എത്തിയാലും ഡാം തുറക്കരുതെന്നാണ് തമിഴ്നാട്ടിലെ കർഷക സംഘടനകളുടെ ആവശ്യം.
ഇടുക്കിയിലും
ജലനിരപ്പ് ഉയരുന്നു
ഇടുക്കി ഡാമിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് 2,362 അടിയിലെത്തി. പരമാവധി സംഭരണശേഷിയുടെ 56 ശതമാനമാണിത്. 2,403 അടിയാണ് പരമാവധി സംഭരണശേഷി. ജലനിരപ്പ് മൂന്നടി കൂടി ഉയർന്നാൽ ആദ്യ മുന്നറിയിപ്പ് നൽകും. 30ന് മുമ്പ് 2,373 അടിയിലെത്തിയാലേ അണക്കെട്ട് തുറക്കേണ്ടിവരൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |