□രാജ്യത്ത് അഞ്ചാമത്തെ സംസ്ഥാനം
തിരുവനന്തപുരം : മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ പി.ജി കോഴ്‌സ് ആരംഭിക്കുന്നതിനായി പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി.ഇതോടെ ഈ വിഭാഗത്തിൽ പി.ജി. കോഴ്സുള്ള രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാകും കേരളം.
പി.ജി ആരംഭിക്കുന്നതോടെ ഈ രംഗത്തെ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.നിലവിലെ യൂണിറ്റ് വിപുലീകരിച്ച് പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡിപ്പാർട്ട്മെന്റാക്കും. 93 ലക്ഷം രൂപ ചെലവഴിച്ചുള്ള അത്യാധുനിക എൻഡോസ്‌കോപ്പി മെഷീൻ എസ്.എ.ടി.യിൽ ഉടൻ സ്ഥാപിക്കും.
2021ലാണ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ആരംഭിച്ചത്. രാജ്യത്ത് ആറാമത്തേയും സംസ്ഥാനത്ത് ആദ്യത്തേതുമാണിത്.
കുട്ടികളിലെ ഉദര സംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ദഹനാരോഗ്യത്തിനായി പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ സേവനങ്ങൾ വിപുലീകരിച്ച് പ്രത്യേക വകുപ്പാക്കുന്നത്..
നാലുവർഷം 27000
കുട്ടികൾക്ക് ചികിത്സ
നവജാത ശിശുക്കൾ മുതൽ കൗമാരക്കാർ വരെയുള്ള കുട്ടികളിൽ കണ്ടു വരുന്ന ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കും ഇവിടെ ചികിത്സ ലഭ്യമാണ്. നാലു വർഷത്തിനിടെ 27000 കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കി.കരൾ, പിത്താശയം, പാൻക്രിയാസ് സംബന്ധമായ രോഗങ്ങളാണ് ഈ വിഭാഗത്തിൽ ചികിത്സിക്കുന്നത്. കുട്ടികളിലെ വയറു വേദന, വിട്ടു മാറാത്ത അതിസാരം, മലബന്ധം, ഛർദ്ദി, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ, ആസിഡ് റിഫ്ലക്സ്, ഭക്ഷണ അലർജികൾ, വളർച്ചാക്കുറവ്, കരൾ രോഗങ്ങൾ, ഐബിഡി തുടങ്ങിയ അവസ്ഥകൾക്ക് പ്രത്യേക പരിചരണം ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |