കോട്ടയം: ആറരപ്പതിറ്റാണ്ടിലേറെ പഴക്കം. കെട്ടിടം ഉപയോഗിക്കരുതെന്ന് 12 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകി. പഞ്ചായത്തിന്റെ ഫിറ്റ‌്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും വർഷങ്ങൾ. അത്യാഹിതമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാദ്ധ്യമായിടത്താണ് രോഗികളെ ചികിത്സിച്ചിരുന്നത്.നിരവധി വാർഡുകളും പ്രത്യേകം വനിതാ വാർഡും ഓപ്പറേഷൻ തിയേറ്ററും വരാന്തയിൽ വരെ രോഗികളുമുള്ള ഗുരുതരമായ സാഹചര്യമാണുണ്ടായിരുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് 194 കോടിരൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് കാത്തുകിടക്കുമ്പോഴാണ് ദുരന്തം. 11, 14 വാർഡുകളിൽ നിന്നുള്ള പ്രവേശനം നിരോധിച്ചെന്ന് വാക്കാലുള്ള നിർദ്ദേശമല്ലാതെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. പത്താം വാർഡിന്റെ ടോയ്‌ലെറ്റിനോട് ചേർന്നാണ് പൊളിഞ്ഞ കെട്ടിടമുണ്ടായിരുന്നത്. എന്നാൽ ഇവിടെ ആളുകൾ വരികയും ഉപയോഗിക്കുകയും ചെയ്തു. പൂർണമായി ഒഴിപ്പിച്ചു സ്‌റ്റോർ മുറികളാക്കി മാറ്റി എന്നു പറയുന്ന സ്ഥലമാണിത് ഇത്. കെട്ടിട നിർമ്മാണ ചട്ടങ്ങളും പാലിക്കപ്പെട്ടിട്ടില്ല. തീപിടിത്തമുണ്ടായാൽ ഫയർ എൻജിനിന് പ്രവേശിക്കാനോ രക്ഷാപ്രവർത്തനം നടത്താനോ കഴിയില്ല. ഗ്രില്ലുകൾ അറുത്തുമാറ്റിയാണ് ഇന്നലെ മണ്ണുമാന്തി യന്ത്രങ്ങൾ പ്രവേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |