ആലപ്പുഴ: ഹിമാലയം മുതൽ സൈബീരിയയിൽ നിന്നു വരെയുള്ള ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ ജാഗ്രതാ നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്.
വളർത്തുപക്ഷി ഫാമുകളിലും ഹാച്ചറികളിലും ജൈവ സുരക്ഷാനടപടികൾ കർശനമായി പാലിക്കാനാണ് വകുപ്പിന്റെ നിർദ്ദേശം. സംശയകരമായ സാഹചര്യത്തിൽ പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയാൽ തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക്ക് സെന്ററിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഡിസ്പെൻസറികൾക്ക് നിർദ്ദേശം നൽകി.
കാലവർഷത്തിന് പിന്നാലെ ആഗസ്റ്റ് മുതൽ സെപ്തംബർ വരെയാണ് കേരളത്തിൽ ദേശാടനപ്പക്ഷികളുടെ വരവ്. കോട്ടയം കുമരകം മുതൽ ആലപ്പുഴവരെ നീണ്ടുകിടക്കുന്ന വേമ്പനാട് കായലോരത്തെചതുപ്പുകളും പുഞ്ചകളുമാണ് ഇവയുടെ താവളം. ചേരക്കോഴി, പെരുമുണ്ടി, കുളക്കൊക്ക്, നീർക്കാക്ക, അരിവാൾ കൊക്കൻ, പലതരം മീൻ കൊത്തികൾ, തണ്ണീർ പക്ഷികൾ,തത്തകൾ, വാനമ്പാടികൾ എന്നിവയാണ് സീസണിൽ കേരളത്തിലെത്തുന്നത്.
2023 ജൂലായിലൊഴിച്ചാൽ ദേശാടനപ്പക്ഷികളുടെ സീസണ് പിന്നാലെയാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതാണ് ദേശാടനപ്പക്ഷികളെ രോഗവാഹകരെന്ന് സംശയിക്കാൻ കാരണം. കഴിഞ്ഞ വർഷം ആലപ്പുഴയുൾപ്പെടെയുള്ള രോഗബാധിത പ്രദേശങ്ങളിൽ പക്ഷിവളർത്തലും വിൽപ്പനയും നിരോധിക്കുകയും കർശന സുരക്ഷാനടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത് താറാവ്- കോഴികൃഷിയിലൂടെ ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്തെ പക്ഷിപ്പനി വിമുക്തമായി പ്രഖ്യാപിക്കുകയും പക്ഷിവളർത്തൽ നിരോധനം പിൻവലിക്കുകയും ചെയ്തതിന് പിന്നാലെ ദേശാടനപ്പക്ഷികളുടെ വരവ് വീണ്ടും ആശങ്കയുണർത്തുകയാണ്.
ജൈവ സുരക്ഷാനിർദ്ദേശങ്ങൾ
#ഫാമുകളിൽ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും പ്രവേശന നിയന്ത്രണം, പ്രത്യേകം വില്പന കൗണ്ടർ
#അണുനശീകരണലായനി നിറച്ച ഡിപ്പിലൂടെ വാഹനങ്ങളെയും ആളുകളെയും കടത്തിവിടണം
#മറ്റ് പക്ഷികൾ ഫാമിനുമുകളിൽ കൂടുകൂട്ടുന്നതും കാഷ്ഠിക്കുന്നതുമൊഴിവാക്കാൻ പക്ഷിസുരക്ഷാ നെറ്റുകൾ സ്ഥാപിക്കണം
#മറ്റ് ജന്തുക്കളെയും വന്യജീവികളെയും തടയാൻ ഗ്രിൽ, മീൻവല എന്നിവകൊണ്ട് സുരക്ഷയൊരുക്കണം
# മരച്ചില്ലകൾ മുറിച്ചുനീക്കണം, ശാസ്ത്രീയ കീടനിയന്ത്രണ സംവിധാനങ്ങളൊരുക്കണം
.............................
സംസ്ഥാനം പക്ഷിപ്പനി മുക്തമായ സാഹചര്യത്തിൽ ദേശാടനപ്പക്ഷികളുടെ വരവിനെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഫാമുകളിൽ ബയോ സെക്യൂരിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
-ഡോ.അരുണോദയ, ജില്ലാ വെറ്ററിനറി ഓഫീസർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |