
കൊച്ചി: ഫൊറൻസിക് ലബോറട്ടറികളിലെ 12 സയന്റിഫിക് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ കൂടി നികത്തണമെന്ന ശുപാർശ ധനകാര്യ വകുപ്പ് അനുകൂലമായി പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നാലാഴ്ചയ്‌ക്കകം ഇതു സംബന്ധിച്ച തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു. ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇടക്കാല ഉത്തരവ്.
കേസുകൾ വിചാരണക്കോടതികളിൽ കെട്ടിക്കിടക്കുന്നതിനു പ്രധാനകാരണം സാമ്പിൾ പരിശോധനാഫലം വൈകുന്നതാണ്. ഫൊറൻസിക് ലാബിൽ ജീവനക്കാർ ആവശ്യത്തിനില്ല. കോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞവർഷം 28 സയന്റിഫിക് ഓഫീസർമാർക്ക് സർക്കാർ നിയമനം നൽകിയിരുന്നു. 12 പേരെക്കൂടി നിയമിക്കാനുള്ള ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു.
വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളാണ് കോടതി പ്രത്യേക സിറ്റിംഗിൽ പരിഗണിക്കുന്നത്. സ്കൂളുകളിലെ ജാഗ്രതാസമിതി, പ്രോട്ടക്‌ഷൻ ഗ്രൂപ്പ്, ആന്റി നാർക്കോട്ടിക് ക്ലബ് എന്നിവയെല്ലാം ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് പൊതുനടപടിക്രമം (എസ്.ഒ.പി) രൂപീകരിക്കാൻ കോടതി നേരത്തേ വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് സർക്കാർ അറിയിച്ചു. നാർക്കോട്ടിക്സ് ആക്ട് പ്രകാരമുള്ള പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര ഫണ്ട് അനുവദിക്കില്ലെന്നറിയിച്ച സാഹചര്യത്തിൽ സർക്കാർ തന്നെ വിഭവസമാഹരണം നടത്തണം. പദ്ധതി സംബന്ധിച്ച് വിശദമായ കുറിപ്പ് തയ്യാറാക്കാൻ അമിക്കസ് ക്യൂറിയോട് നിർദ്ദേശിച്ച കോടതി, വീണ്ടും ഹർജി പരിഗണിക്കുമ്പോൾ സർക്കാർ റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |