# ബ്രസീലിയൻ ദമ്പതികളെ ഇന്ന് വീണ്ടും സ്കാൻ ചെയ്യും
നെടുമ്പാശേരി: ക്യാപ്സൂൾ രൂപത്തിൽ വിഴുങ്ങിയ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികളെ ഇന്ന് വീണ്ടും സ്കാനിംഗിന് വിധേയരാക്കും. ഇന്നലെ വൈകിട്ട് വരെ ഇരുവരിൽ നിന്നും നൂറോളം ക്യാപ്സൂളുകൾ പുറത്തെടുത്തു. ശനിയാഴ്ച 70 ഓളം ക്യാപ്സൂൾ പുറത്തെടുത്തിരുന്നു. വയർ വാഷ് ചെയ്താണ് ക്യാപ്സൂളുകൾ പുറത്തെടുത്തത്. 100 ക്യാപ്സൂളുകൾ 50 വീതം വിഴുങ്ങിയെന്നാണ് ഇവരുടെ മൊഴി. കൂടുതൽ ഇല്ലെന്ന് ഉറപ്പാക്കാനാണ് വീണ്ടും സ്കാനിംഗിന് വിധേയരാക്കുന്നത്.
ലൂക്കാ ഡിസിൽവ, ഭാര്യ ബ്രൂണ ഗബ്രിയേല എന്നിവരെയാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി. ആർ.ഐ) ശനിയാഴ്ച രാവിലെ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തത്. അങ്കമാലിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചാണ് സ്കാനിംഗ് നടത്തിയത്. പുറത്തെടുത്തവ കൊക്കെയിൻ ആണോയെന്ന് ഉറപ്പാക്കാൻ സാമ്പിൾ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് താമസിക്കുന്നതിനായി ഹോട്ടൽ മുറി ഇവർ നേരിട്ടാണ് ബുക്ക് ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഓൺലൈൻ മുഖേനെയായിരുന്നു ഇത്. ഇരുവരും ഡി.ആർ.ഐയുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്നോ, നാളയോ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |